പുതിയ നീക്കവുമായി വിജയ്; സിപിഎം, സിപിഐ, ലീഗ്, വിസികെ ഓഫീസുകളിലെത്തി ടിവികെ നേതാക്കൾ

ചെന്നൈ: സർക്കാർ രൂപീകരണത്തിൽ ഗവർണർ വെല്ലുവിളിയായതോടെ പുതിയ നീക്കവുമായി തമിഴക വെട്രി കഴകം (ടിവികെ). ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അധികാരത്തിലേറാൻ 10 സീറ്റിന്‍റെ കുറവായതാണ് വിജയ്ക്ക് വെല്ലുവിളിയായത്. ഇതോടെയാണ് തമിഴ്നാട്ടിൽ ഭൂരിപക്ഷം ഉറപ്പാക്കാനും മുഖ്യമന്ത്രി പദത്തിലേറാനും വിജയ് പുതിയ നീക്കം തുടങ്ങിയത്. 118 എംഎൽമാർ ഒപ്പിട്ട കത്ത് കിട്ടാതെ സത്യപ്രതിജ്ഞക്ക് അനുവാദം നൽകില്ലെന്ന ഗവർണർ രാജേന്ദ്ര അർലേക്കർ നിലപാട് കടുപ്പിച്ചതോടെ പിന്തുണ തേടി ടിവികെ നേതാക്കൾ വിവിധ രാഷ്ട്രീയ പാർട്ടി ഓഫീസുകളിൽ നേരിട്ടെത്തി. പിന്തുണക്കത്തുകൾ തേടിയാണ് ടിവികെ നേതാക്കൾ പാർട്ടി ഓഫീസുകളിലെത്തിയത്.

ടിവികെ നേതാവ് സി ടി ആർ നിർമ്മൽ കുമാർ സിപിഎം, സിപിഐ ഓഫീസുകളിലെത്തി മുതിർന്ന നേതാക്കളെ കണ്ടപ്പോൾ, ജനറൽ സെക്രട്ടറി അരുൺരാജ് മുസ്ലിം ലീഗ് ഓഫീസിലെത്തിയാണ് പിന്തുണ അഭ്യർത്ഥിച്ചത്. സഭയിൽ പിന്തുണ നൽകുന്നതിന് പുറമെ ഗവർണർക്ക് നൽകാനായി ഔദ്യോഗിക പിന്തുണക്കത്ത് കൂടി വേണമെന്നാണ് ടിവികെയുടെ ആവശ്യം. ഭരണം പങ്കിടാമെന്ന വലിയ വാഗ്ദാനമാണ് മറ്റ് പാർട്ടികൾക്ക് മുന്നിൽ വിജയ് വെച്ചിരിക്കുന്നത്. സിപിഎം, സിപിഐ, വിസികെ എന്നീ പാർട്ടികൾക്ക് മന്ത്രിസ്ഥാനങ്ങൾ നൽകാമെന്നടക്കമുള്ള ഓഫറുകൾ വിജയ് മുന്നോട്ട് വെച്ചതായി ടിവികെ അറിയിച്ചു. എല്ലാവർക്കും മന്ത്രിസ്ഥാനം നൽകി സഖ്യം ഭദ്രമാക്കാനാണ് വിജയ് ശ്രമിക്കുന്നത്.

ഇതിനിടെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ വിജയ് യെ നേരിട്ട് കാണുന്നുമുണ്ട്. ഗവർണർക്ക് കത്ത് നൽകുന്ന കാര്യത്തിൽ ഇടതുപാർട്ടികളും വിസികെയും നാളെ ചേരുന്ന നേതൃയോഗങ്ങളിൽ എടുക്കുന്ന തീരുമാനം വിജയ് യുടെ മുഖ്യമന്ത്രി പദവിയിൽ നിർണ്ണായകമാകും. സഭയിൽ പിന്തുണയ്ക്കാം, എന്നാൽ ഗവർണർക്ക് കത്ത് നൽകില്ലെന്ന് തീരുമാനിച്ചാൽ വിജയ് പ്രതിസന്ധിയിൽ ആകും.
234 അംഗ നിയമസഭയിൽ 118 എന്ന മാന്ത്രിക സംഖ്യ കടന്നാൽ മാത്രമേ വിജയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമാകുകയുള്ളൂ. കോൺഗ്രസ് പിന്തുണ ലഭിച്ചതോടെ 108 ൽ നിന്ന് 113 ലേക്ക് ടിവികെ എത്തിയിട്ടുണ്ട്. 5 പേരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്. സത്യപ്രതിജ്ഞ നടത്തി മുഖ്യമന്ത്രിയായി അധികാരമേറ്റാൽ പിന്തുണ ഉറപ്പിക്കൽ എളുപ്പമാകുമെന്ന് കരുതിയിരിക്കുമ്പോഴാണ് ​ഗവർണർ നിലപാട് കടുപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *