തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സാധ്യതാ പട്ടികയില്‍ മൂന്ന് പേരുകള്‍ മാത്രം. മുന്‍ യുഡിഎഫ് കണ്‍വീനറും എംപിയുമായ ബെന്നി ബെഹനാന്, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും എംപിയുമായ ഷാഫി പറമ്പില്‍, സംസ്ഥാന വൈസ് പ്രസിഡന്റും എംഎല്‍എയുമായ മാത്യു കുഴല്നാടന് എന്നിവരാണ് മുന്നിലുള്ളത്. തന്റെ രണ്ട് അടുത്ത അനുയായികളായ ഷാഫിയും കുഴല്‍നാടനും സാധ്യതാ പട്ടികയിലുള്ളതിനാല്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ് അദ്ദേഹം.
അതേസമയം, പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതില്‍ മുഖ്യമന്ത്രി വിഡി സതീശന്റെ അഭിപ്രായം നിര്‍ണായകമാകും. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെയും മത സംഘടനയുടെയും പിന്തുണയുണ്ടായിരുന്നിട്ടും കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നീ മൂന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എംപിമാര്‍ മത്സരരംഗത്തുനിന്ന് പുറത്തായി. ലോക്സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പായ കൊടിക്കുന്നിലിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും സതീശന്റെയും പിന്തുണയുണ്ടായിരുന്നു. ആന്റോ ആന്റണിക്ക് പ്രിയങ്കാ ഗാന്ധിയുടെയും, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന് ശിവഗിരി മഠത്തിന്റെയും പിന്തുണയാണുണ്ടായിരുന്നത്.
കഴിഞ്ഞ തവണ സണ്ണി ജോസഫിനോടാണ് ആന്റോ ആന്റണി പരാജയപ്പെട്ടത്. എല്ലാ സ്ഥാനാര്‍ഥികളും ഡല്‍ഹിയിലെത്തി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിക്കുന്നുണ്ട്. സംഘടനയില്‍ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായി പുതിയ സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ മികച്ച ഏകോപനം ലക്ഷ്യമിട്ടാണ് പുതിയ നിയമനം. കെപിസിസി അധ്യക്ഷനായുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രി വിഡി സതീശനുമായി ആലോചിച്ച് ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് കൈക്കൊള്ളുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
