നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഡൽഹിയിലെ നങ്ലോയ് പ്രദേശത്ത് മെയ് 11 ന് രാത്രിയാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ലൈംഗികാതിക്രമം നേരിട്ട യുവതിയുടെ പരാതിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പിതാംപുര സ്വദേശിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. മം​ഗോൾപുരിയിൽ ഉള്ള ഫാക്ടറിയിലെ ജീവനക്കാരിയായ യുവതി പതിവുപോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബസിൽ ബലം പ്രയോ​ഗിച്ചു കയറ്റി കൂട്ടബലാത്സം​ഗത്തിനിരയാക്കുകയായിരുന്നു.

സമയം ചോദിക്കാനെന്ന വ്യാജേന യുവതിയുടെ സമീപത്തെത്തിയ ജീവനക്കാരൻ യുവതിയെ ബലമായി ബസിലേക്ക് കയറ്റുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് നങ്ലോയിയിലേക്ക് ഓടിച്ചുകൊണ്ടുപോയെന്നും അവിടെ വെച്ചാണ് ലൈംഗികാതിക്രമം നടന്നതെന്നും പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പിടിച്ചെടുത്തതായും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ വൈദ്യപരിശോധന നടത്തിയെന്നും അതിന് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *