ഷി ജിന്‍പിങ് ഇന്ത്യയിലേക്ക്, ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്തേക്കും

ന്യൂഡല്‍ഹി: 2020ല്‍ ഗല്‍വാന്‍ താഴ്വരയിലുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം ആദ്യമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ വച്ച് നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. 2019 ഒക്ടോബറില്‍ തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടന്ന ഉച്ചകോടിക്ക് ശേഷം ഷി ജിന്‍പിങ് നടത്തുന്ന ആദ്യ ഇന്ത്യ സന്ദര്‍ശനമായിരിക്കും ഇത്. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും ഡല്‍ഹിയില്‍ എത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കടുത്ത പ്രതിസന്ധിയിലായിരുന്നു. 2024 ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും ഷി ജിന്‍പിങ്ങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ നിര്‍ണായക വഴിത്തിരിവായി. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായതോടെയാണ് നയതന്ത്ര ബന്ധത്തില്‍ വീണ്ടും പുരോഗതി ദൃശ്യമായി തുടങ്ങിയത്. ഈ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ഉച്ചകോടിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സാധ്യതയുള്ള ഉഭയകക്ഷി ചര്‍ച്ചകളെയും ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്.

2013 മുതല്‍ ചൈനീസ് പ്രസിഡന്റായി തുടരുന്ന ഷീ ജിന്‍പിങ് ഇതിനകം മൂന്ന് തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. ഷീയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയും ചൈനയും നയതന്ത്ര ചര്‍ച്ചകള്‍ ശക്തമാക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉന്നതതല ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈന സന്ദര്‍ശിച്ചേക്കും. അതിര്‍ത്തി വിഷയങ്ങളിലെ കൂടിയാലോചനകള്‍ക്കായുള്ള യോഗങ്ങളും വരും ആഴ്ചകളില്‍ ഉണ്ടായേക്കും. തുടര്‍ന്ന് ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി വിഷയങ്ങളിലെ പ്രത്യേക പ്രതിനിധികളും ചര്‍ച്ചകള്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *