അഭിനയകലയുടെ പെരുന്തച്ചൻ തിലകൻ ഓര്‍മ്മയായിട്ട് 14 വർഷം പിന്നിടുന്നു. കാലം മായ്ച്ചെങ്കിലും മലയാളസിനിമയുടെ ആ തിലകക്കുറി ഓര്‍മ്മകളുടെ തിരശ്ശീലയില്‍ ഇന്നും മായാതെ തന്നെയുണ്ട്. പെരുന്തച്ചനിലെ തച്ചനെയും മൂന്നാംപക്കത്തിലെ തമ്പി മുത്തശ്ശനെയും കിരീടത്തിലെ അച്യുതന് നായരെയും മലയാളികള്‍ എങ്ങനെ മറക്കാനാണ്.
1935 ജൂലായ് 15ന് പി എസ് കേശവന്റെയും പി എസ് ദേവയാനിയുടെയും മകനായി പത്തനംതിട്ടയിലെ അയിരൂരിലാണ് സുരേന്ദ്രനാഥ തിലകന്റെ ജനനം. സ്കൂള്‍ കാലയളവില്‍ അരങ്ങിലൂടെയായിരുന്നു അരങ്ങേറ്റം.മുണ്ടക്കയം നാടകസമിതി രൂപീകരിച്ചാണ് തിലകന് പ്രൊഫഷണല്‍ നാടകവേദിയില്‍ സ്വന്തം ഇടം തേടിയത്. പിന്നീട് കേരള പീപ്പിള്‍ ആര്‍ട്സ്, കൊല്ലം കാളിദാസ കലാകേന്ദ്രം ചങ്ങനാശ്ശേരി ഗീത എന്നീ പ്രൊഫഷണല്‍ നാടകസമിതിയിലൂടെ അരങ്ങില്‍ നിറഞ്ഞു. അരങ്ങിലെ ചക്രവര്‍ത്തിയായി വാഴുമ്പോള്‍ തന്നെ ആകാശവാണിയില്‍ ശബ്ദം കൊണ്ടും പകര്‍ന്നാട്ടങ്ങള്‍ നടത്തി തിലകന്.
അരങ്ങിന്റെ തിലകക്കുറി വെള്ളിത്തിരയ്ക്ക് സ്വന്തമാകുന്നത് 1973ലാണ്. പി ജെ ആന്റണി സംവിധാനം ചെയ്ത പെരിയാറിലൂടെ. പിന്നീട് ഉള്‍ക്കടല്‍, യവനിക തുടങ്ങിയ ചിത്രങ്ങളിലൂടെ തിലകന് വെള്ളിത്തിരയില്‍ തന്റെ ഇടം ഉറപ്പിച്ചു. എത്രയെത്ര കഥാപാത്രങ്ങള്‍… അച്ഛനായും മകനായും ഡോക്ടറായും മന്ത്രവാദിയായും പൊലീസുകാരനായും പള്ളി വികാരിയായുമെല്ലാം തിലകന് വിസ്മയങ്ങള്‍ തീര്‍ത്തു.
