മാൽഡ: വനിതാ രാഷ്ട്രീയ നേതാക്കൾക്കെതിരേ നടത്തിയ പ്രസ്താവന വിമർശനങ്ങൾക്ക് ഇടയാക്കിയതിനു പിന്നാലെ വീണ്ടും വിവാദ പ്രസ്താവനയുമായി ബിഹാറിൽനിന്നുള്ള ലോക്‌സഭാ എംപി പപ്പു യാദവ്. രാഷ്ട്രീയക്കാരിൽ 70 ശതമാനം മുതൽ 80 ശതമാനം വരെ പേർ അശ്ലീലദൃശ്യങ്ങൾ കാണാറുണ്ടെന്നാണ് അദ്ദേഹത്തിന്റെ പരാമർശം.
നേരത്തെ, വനിതാസംവരണ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പപ്പു നടത്തിയ പ്രസ്താവന വിവാദമാവുകയും വിഷയത്തിൽ ബിഹാർ വനിതാ കമ്മിഷൻ അദ്ദേഹത്തോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. പുരുഷനേതാവിന്റെ മുറിയിൽ പോകാതെ ഇന്ത്യയിലെ ഭൂരിഭാഗം വനിതകൾക്കും രാഷ്ട്രീയത്തിൽ പ്രവേശിക്കാനാകില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തുടർന്ന് സംസ്ഥാന വനിതാ കമ്മിഷൻ വിഷയത്തിൽ നോട്ടീസ് നൽകിയിരുന്നു. പിന്നാലെയാണ് അടുത്ത വിവാദപ്രസ്താവന അദ്ദേഹത്തിൽനിന്നുണ്ടായിരിക്കുന്നത്.
70-80 ശതമാനം രാഷ്ട്രീയക്കാർ അസ്ലീലദൃശ്യങ്ങൾ കാണാറുണ്ടെന്ന് ഞാൻ സഭയിലും പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് എല്ലാവരെയും പരിശോധിക്കണം. എന്റെ ഫോണിൽ പോൺ ഉണ്ടോ, എന്നെയും പരിശോധിച്ചോളൂ. എനിക്ക് നോട്ടീസ് അയച്ചവർ ആരാണ്? അവർ ആർക്കൊപ്പമാണ്. മുൻമന്ത്രിമാർക്കൊപ്പമുള്ള നിരവധി ചിത്രങ്ങളുണ്ട്. ചില്ലുമേടയിൽ കഴിയുന്നവർ കല്ലെറിയരുത്’, പപ്പു യാദവ് പറഞ്ഞു. ചൂഷണത്തിനിരയാകാതെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ സ്ത്രീകളെ പുരുഷന്മാരായ രാഷ്ട്രീയക്കാർ അനുവദിക്കില്ലെന്നാണ് താൻ പറഞ്ഞതെന്നും പപ്പു പറഞ്ഞു. ഞാൻ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് പോരാടുന്നത്. അവർ സ്ത്രീകളെ ചൂഷണം ചെയ്യുകയാണെന്നും പപ്പു കൂട്ടിച്ചേർത്തു.
