MSC എൽസ കപ്പൽ മുങ്ങിയ കേസ്: മൂന്ന് നാവികർക്ക് നാട്ടിലേക്ക് മടങ്ങാം

തിരുവനന്തപുരം: കേരളാ തീരത്ത് കടലിൽ MSC എൽസ കപ്പൽ മുങ്ങിയ കേസിൽ, മൂന്ന് നാവികർക്ക് നാട്ടിലേക്ക് മടങ്ങാം. പത്ത് ലക്ഷം രൂപയുടെ ജാമ്യ ബോണ്ട് അടക്കം കർശന വ്യവസ്ഥകളോടെ ആണ് ഹൈക്കോടതി അനുമതി നൽകിയത്. അന്വേഷണത്തോട് സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോൾ എത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഹോർദിയേവ് വലേരി (ഇലക്ട്രോ ടെക്നിക്കൽ ഓഫീസർ),കാസ്റ്റനെഡ റൊണാൾഡ് പുൻസലാൻ(കപ്പലിലെ ഡെക്ക് ജീവനക്കാരൻ), വെലാസ്കോ റയാൻ ഒന്റോളൻ(എഞ്ചിൻ റൂം ജീവനക്കാരൻ) എന്നിവർക്കാണ് നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് നാവികരുടെ ഹർജി പരിഗണിച്ചത്.

കഴിഞ്ഞ തവണ ഹർജി പരിഗണിച്ച സമയം ഷിപ്പിംഗ് ഡയറക്ടർ ജനറലിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. അന്വേഷണം നീണ്ടുപോകുന്നതിലാണ് അതൃപ്തി രേഖപ്പെടുത്തിയത്. നാവികർ ഇവിടെ നിൽക്കേണ്ട ആവശ്യമുണ്ടോ എന്നും ഓൺലൈൻ ആയി തെളിവുകൾ നൽകിയാൽ പോരേയെന്നും കോടതി ചോദിച്ചിരുന്നു. വിദേശ ചരക്കുകപ്പലിലെ ഏഴ് വിദേശ ജീവനക്കാർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ അനുമതി തേടി ഹർജി നൽകിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *