രാജ്യസഭാംഗത്വം രാജിവെച്ച് സുഷ്മിത ദേവ്

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി സുഷ്മിത ദേവ് രാജ്യസഭാം അംഗത്വം രാജിവെച്ചു. മുമ്പ്, അസമിലെ സിൽച്ചറിൽ നിന്നുള്ള കോൺഗ്രസ് ലോക്‌സഭാ എംപിയായിരുന്ന സുഷ്മിത ദേവ്, 2019-ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് 2021-ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. പാർട്ടിയിൽ അതിവേഗം ഉയർന്നുവന്ന അവർ ദേശീയ വക്താവായും പിന്നീട് രാജ്യസഭാംഗമായും നിയമിതയായിരുന്നു.

മമതയുടെ വിശ്വസ്തനായിരുന്ന സുഖേന്ദു ശേഖർ റോയ് രാജ്യസഭയിൽ നിന്ന് രാജിവെച്ച് ഒരാഴ്ച തികയുന്നതിന് മുമ്പാണ് അടുത്ത രാജി.
പാർട്ടിക്കുള്ളിലെ കൊഴിഞ്ഞുപോക്കും വിമത നീക്കങ്ങളും ദേശീയ തലത്തിൽ തൃണമൂലിന്റെ പ്രതിച്ഛായയെയും മമത ബാനർജിയുടെ രാഷ്ട്രീയ കരുത്തിനെയും ഗൗരവകരമായി ബാധിച്ചിട്ടുണ്ട്. മമതയുടെ പാർട്ടിയിലെ ആധിപത്യം കൂടുതൽ ദുർബലമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

വിമത നേതാവ് ഋതബ്രത ബാനർജിക്ക് 61 എംഎൽഎമാർ പിന്തുണ പ്രഖ്യാപിക്കുകയും അദ്ദേഹം പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെ തൃണമൂൽ നേതൃത്വം കൂടുതൽ പ്രതിസന്ധിയിലായിരുന്നു. പിന്നാലെയാണ് പാർലമെന്റിലേക്കും ഈ ആഭ്യന്തര തർക്കം വ്യാപിച്ചിരിക്കുന്നത്. തൃണമൂലിന്റെ 20 ഓളം ലോക്‌സഭാ എംപിമാർ ഇതിനോടകം എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാലെയാണ് രാജ്യസഭയിലും കൊഴിഞ്ഞുപോക്ക്‌.

Leave a Reply

Your email address will not be published. Required fields are marked *