പാട്ന: ബീഹാറിൽ പാലത്തിന് പിന്നാലെ മൊബൈൽ ടവറും മോഷണം പോയിരിക്കുന്നു. ബിഹാറിലെ ബക്സർ ജില്ലയിൽ ഡുമ്രാവോൺ പ്രദേശത്താണ് അത്യപൂർവമായ മോഷണക്കേസ് നടന്നത്. 132 അടി ഉയരമുള്ള ടവറാണ് മോഷ്ടാക്കൾ പൊളിച്ചു കടത്തിയത്. ടവറിനൊപ്പം ഉണ്ടായിരുന്ന ജനറേറ്ററും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ചു. കുറച്ചു മാസമായി ടവർ പ്രവർത്തന രഹിതമായിരുന്നു. 132 അടി ഉയരമുള്ള മൊബൈൽ ടവറും 15 കെവിഎ ശേഷിയുള്ള ജനറേറ്ററും ഉൾപ്പെടെയുള്ള നിരവധി ഉപകരണങ്ങൾ മോഷണം പോയതായാണ് റിപ്പോർട്ട്.
ജിടിഎൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടവർ ആണ് മോഷണം പോയത്. അറ്റകുറ്റപ്പണിക്കായി കമ്പനി ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ബീഹാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടവറിനൊപ്പം 15 കെവിഎ ജനറേറ്റർ സെറ്റും നിരവധി സാങ്കേതിക ഉപകരണങ്ങളും കാണാതായതായി കമ്പനി അധികൃതർ അറിയിച്ചു. ടവറും മറ്റ് ഉപകരണങ്ങളും മോഷണം പോയെന്നാരോപിച്ച് കമ്പനി പ്രതിനിധി ഡുമ്രാവോൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
