ജവാന്‍ മദ്യത്തിന്റെ ഉത്പാദനം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

തിരുവനന്തപുരം: ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം ലിജു. പ്ലാന്റിലെ പ്രതിസന്ധി മന്ത്രിയെ അറിയിക്കാന്‍ വൈകിയതില്‍ അന്വേഷണം നടത്തും. ഇതിനായി നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തി. മദ്യ ഉത്പാദനം നിലച്ചത് മാധ്യമങ്ങളിലൂടെയാണ് മന്ത്രി അറിഞ്ഞതെന്നാണ് വിവരം.

അതേസമയം ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും തര്‍ക്കം ഉടലെടുത്തു. ഉത്പാദനം നിലക്കുന്നത് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു എന്നാണ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് വാദം. എന്നാല്‍ ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ നിന്നും അറിയിപ്പ് ലഭിച്ചില്ലെന്ന് സിഎംഡി എം ആര്‍ അജിത് കുമാര്‍ പറയുന്നു. ടെന്‍ഡറുകള്‍ ഉടന്‍ വിളിക്കാനും മദ്യ ഉത്പാദനം അടിയന്തരമായി പുനഃരാരംഭിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

ജവാന്‍ മദ്യത്തിന്റെ ഉത്പാദനം പുനഃരാരംഭിക്കാത്തതിനാല്‍ അഞ്ച് ദിവസത്തിനിടെ 28 കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായത്. മദ്യം നിറയ്ക്കുന്ന കുപ്പിക്കും അടപ്പിനും വിലകൂടിയതാണ് ജവാന്‍ ഉത്പാദനത്തെ ബാധിച്ചത്. ടെന്‍ഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതാണ് പ്രശ്‌നമായത്. ബെവ്‌കോ എംഡി എം ആര്‍ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ടെന്‍ഡര്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. വസ്തുക്കള്‍ ഇല്ല എന്ന് കാട്ടി ടിഎസ് സിഎല്‍ മാനേജര്‍ നാലുതവണ എംഡിക്ക് കത്ത് നല്‍കിയിരുന്നു. കത്തിന്മേല്‍ എംഡിക്ക് മറുപടിയോ നടപടിയോ ഉണ്ടായില്ല. ഇതുമൂലം ബിവറേജസ് കോര്‍പ്പറേഷനില്‍ ഉണ്ടാകുന്നത് കനത്ത നഷ്ടമാണ്. ദിവസവും 6000 മുതല്‍ 10000 കേസ് വരെ മദ്യം കയറ്റി അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *