തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്നു മണിക്കൂറിൽ ആലപ്പുഴ, തൃശൂർ, എറണാംകുളം, വയനാട്, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. മാത്രമല്ല ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടയുടനെ സുരക്ഷിത സ്ഥലത്തേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ നിൽക്കാതിരിക്കുക. കാർമേഘം കണ്ടുതുടങ്ങുന്ന സമയം തന്നെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്തു ചൂട് കൂടുകയാണ്. കേരളത്തിൽ ഇന്നുമുതൽ ഏപ്രിൽ 14 വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോഡ് ജില്ലകളിൽ ഉയർന്ന താൽപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ , കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതോടൊപ്പം കൊല്ലം , പാലക്കാട്, കോഴിക്കോട്, കാസർകോഡ് , ആലപ്പുഴ, കോട്ടയം, എറണാകുളം,കണ്ണൂർ, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും ഉള്ളതിനാൽ ഈ ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്കും സാധ്യതയുണ്ട്.
