ക്രിക്കറ്റ് പരിശീലനത്തിനിടെ പീഡനം; പരിശീലകന് 47 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനിടെ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ പരിശീലകന് 47 വര്‍ഷം കഠിനതടവും 79,000 രൂപ പിഴയും വിധിച്ച് കോടതി. മൂന്നാമത്തെ കേസിലാണ് ശിക്ഷ വിധിച്ചത്. നാലാമത്തെ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആറ് കേസുകളാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി എം. മനുവിനെതിരെ ഉളളത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2018-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇനി മൂന്ന് കേസുകളില്‍ കൂടി ശിക്ഷ വിധിക്കാനുണ്ട്. നാലാമത്തെ കേസില്‍ തിങ്കളാഴ്ച്ചയാണ് കോടതി വിധി പറയുക.

പ്രതിയുടെ പേരിലുളള ആറ് കേസുകളില്‍ രണ്ടാമത്തെ കേസിൽ കഴിഞ്ഞ ദിവസം വിധി വന്നിരുന്നു. 35 വര്‍ഷം കഠിന തടവും 66,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ആദ്യ കേസിലെ ശിക്ഷാ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കൂ. ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 427 പ്രകാരം, പ്രതിയുടെ ഓരോ കേസുകളിലെയും ശിക്ഷാ കാലാവധി കഴിയുന്നത് അനുസരിച്ച് അടുത്ത കേസിലെ ശിക്ഷ നടപ്പിലാക്കണം എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അത് പരിഗണിച്ചാണ് കോടതി പ്രത്യേകം ശിക്ഷാ കാലാവധി വിധിച്ചത്. തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലനകേന്ദ്രത്തില്‍ 2018 ലാണ് രണ്ടാമത്തെ കേസിലെ പെൺകുട്ടി പരിശീലനത്തിനായി എത്തിയത്. ലൈംഗികമായി പീഡിപ്പിച്ച പ്രതി കുട്ടിയുടെ നഗ്ന ഫോട്ടോയും വീഡിയോയും എടുത്തു. പീഡനം പുറത്ത് പറഞ്ഞാല്‍ ക്രിക്കറ്റ് ഭാവി തകര്‍ക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ട് പീഡന വിവരം കുട്ടി പുറത്ത് പറഞ്ഞില്ല. 2019 ല്‍ കുട്ടി പരിശീലനത്തിനായി മറ്റൊരു സ്ഥലത്തേക്ക് പോകുകയും ചെയ്തു.

ഈ കുട്ടിക്ക് പുറമെ പരിശീലനത്തിന് എത്തിയ മറ്റ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ചു. ഭയം കാരണം കുട്ടികള്‍ വേറെ സ്ഥലത്തേക്ക് പരിശീലനത്തിനു പോയി. ഇവരും സംഭവം പുറത്ത് പറഞ്ഞില്ല. 2024-ല്‍ തിരുവനന്തപുരത്തുവച്ച് നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയ പീഡനത്തിന് ഇരയായ ഒരു പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്കുശേഷം പ്രതിയെ കണ്ടു. കുട്ടി ഭയന്നു ബഹളം വെച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഈ കുട്ടി പരാതി നല്‍കിയതോടെയാണ് മറ്റു കുട്ടികളഉം പരാതി നൽകിയത്. തുടര്‍ന്ന് പ്രതിക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ നാല് കേസുകളുടെ വിചാരണ പൂര്‍ത്തിയായി ഒരു കേസില്‍ പ്രതിയെ ഇതേ കോടതി കഴിഞ്ഞ മാസം ശിക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *