എറണാകുളം: കശുവണ്ടി ഇറക്കുമതി കള്ളപ്പണ കേസിൽ വ്യവസായി അനീഷ് ബാബുവിന് ജാമ്യം. എറണാകുളം പിഎംഎൽഎ കോടതി ആണ് ജാമ്യം അനുവദിച്ചത്. കേസിൽ അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് കോടതി നടപടി. അതേസമയം, ജാമ്യം നൽകിയ ഉത്തരവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച അപ്പീൽ നൽകിയേക്കും.
ജനുവരി 14 നാണ് കൊച്ചിയിൽ നിന്ന് അനീഷ് ബാബുവിനെ ഇ ഡി അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസിലായിരുന്നു അറസ്റ്റ്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ലാഭകരമായി കശുവണ്ടി ഇറക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടു പേരിൽ നിന്നായി 24.73 കോടി രൂപ വഞ്ചിച്ചെന്നാണ് അനീഷ് ബാബുവിനും കുടുംബാംഗങ്ങൾക്കുമെതിരെയുള്ള കേസ്. കൊട്ടാരക്കര പൊലീസും ക്രൈംബ്രാഞ്ചും റജിസ്റ്റർ ചെയ്ത കേസുകളെ അടിസ്ഥാനമാക്കി 2021ലാണ് ഇ.ഡി കേസ് അന്വേഷണം ആരംഭിക്കുന്നത്.
അതിനിടെ, കേസിൽ നിന്നൊഴിവാക്കാൻ ഇ.ഡി ഉദ്യോഗസ്ഥൻ 2 കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്ന അനീഷ് ബാബുവിന്റെ പരാതിയിൽ വിജിലൻസ് കേസടുക്കുകയും ഏതാനും പേര് അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അന്വേഷണം ഇഴയുകയാണെന്ന പരാതിയുമായി അനീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം മുന്നോട്ട് പോകാത്തതിന്റെ കാരണം പരാതിക്കാരൻ തന്നെയാണെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു
