എം.ആര്‍ അജിത് കുമാർ പൊളിറ്റിക്കല്‍ ക്രിമിനലെന്ന് എ.ഡി തോമസ് എംഎല്‍എ

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസ്സിനിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ എഡിജിപി എം. ആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നതില്‍ പരാതിക്കാര്‍ക്ക് അതൃപ്തി. അജിത് കുമാര്‍ പൊളിറ്റിക്കല്‍ ക്രിമിനല്‍ ആണെന്ന് എ.ഡി തോമസ് എംഎല്‍എ പറഞ്ഞു. യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ തീരുമാനമായിരുന്നു രക്ഷാപ്രവര്‍ത്തന കേസില്‍ എസ്‌ഐടി അന്വേഷണം. മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെ മര്‍ദ്ദനമേറ്റ എ.ഡി തോമസും അജയ് ജൂവല്‍ കുര്യാക്കോസും സര്‍ക്കാര്‍ നടപടികളെ പ്രതീക്ഷയോടെയാണ് കണ്ടത്.

എസ്ഐടി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടി വൈകുന്നതോടെ കടുത്ത അതൃപ്തിയിലാണ് ഇരുവരും. അടുത്തദിവസം ഡിജിപിയെ നേരില്‍ കാണാനാണ് പരാതിക്കാരുടെ തീരുമാനം. നടപടി വൈകുന്നതിനെ സാങ്കേതിക കാരണങ്ങള്‍ നിരത്തി ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി വി ഡി സതീശന്‍. ആരുടെയെങ്കിലും ധൃതിയില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ലെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്ഐടി റിപ്പോര്‍ട്ട് സംബന്ധിച്ച കാര്യം ഗവണ്‍മെന്റിന് മുന്നില്‍ എത്തിയിട്ടില്ല. ഡിജിപിയുടെ മുന്നിലാണ് എത്തിയിട്ടുള്ളത്. ഡിജിപിയുടെ മുന്നിലിരിക്കുന്ന കാര്യത്തിന് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും എങ്ങനെ തീരുമാനമെടുക്കും. ഡിജിപി റിപ്പോർട്ട് തന്നാൽ അപ്പോള്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *