മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം ഉയർന്നാൽ പുറത്താക്കും’; മുന്നറിയിപ്പുമായി മുഖ്യമന്ത്രി വിജയ്

ചെന്നൈ: അഴിമതിയ്ക്കെതിരെ ശക്തമായ നടപടിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. അഴിമതി ആരോപണത്തിൽ കുടുങ്ങിയാൽ മന്ത്രിമാരെ ഉടൻ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്കൂളുകളിൽ മന്ത്രിമാരുടെ റീലെടുപ്പ് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിലാണ് സി ജോസഫ് വിജയുടെ പ്രതികരണം. ചെന്നൈ സെക്രട്ടേറിയറ്റിൽ ഇന്ന് മുഖ്യമന്ത്രി വിജയ്‌യുടെ അധ്യക്ഷതയിൽ ചേർന്ന രണ്ടാമത്തെ തമിഴ്‌നാട് മന്ത്രിസഭാ യോഗം നടന്നു.

മന്ത്രിമാരുടെ പ്രവർത്തനം, ഭരണപരമായ അച്ചടക്കം, സുതാര്യത, അഴിമതി തടയൽ എന്നിവയെക്കുറിച്ചുള്ള സുപ്രധാന നിർദ്ദേശങ്ങൾ നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. ടിവികെ സർക്കാർ അഴിമതിരഹിത സർക്കാരാണെന്ന് ഉറപ്പാക്കാൻ ദൃഢനിശ്ചയം ഉണ്ടായിരിക്കണമെന്നും എല്ലാ മന്ത്രിമാരും ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിക്കണമെന്നും ഒരു തരത്തിലുള്ള ക്രമക്കേടുകളും അനുവദിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു.

സർക്കാർ പൂർണമായും സുതാര്യതയോടെ പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. മന്ത്രിമാർ ആരായാലും എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും വിജയ്‌ കൂട്ടിച്ചേർത്തു. സ്‌കൂളുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അനാവശ്യ പരിശോധനകൾ നടത്തരുതെന്നും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്‌ടിക്കരുതെന്നും നിർദ്ദേശം നൽകി. ബന്ധപ്പെട്ട മന്ത്രിമാർക്കും ജില്ലകളിലെ ചുമതലയുള്ള മന്ത്രിമാർക്കും വകുപ്പുതല പരിശോധനകൾ നടത്താമെങ്കിലും അനാവശ്യ പരിശോധനകൾ ഒഴിവാക്കണം.

പരിശോധനയുടെ പേരിൽ സ്‌കൂളുകൾ സന്ദർശിക്കുന്നതും റീലുകൾ ഉൾപ്പെടെയുള്ള പ്രമോഷൻ പോസ്‌റ്റുകൾ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്യുന്നതും ഒഴിവാക്കണം. ജില്ലകൾ സന്ദർശിക്കുമ്പോൾ പൊതുജനങ്ങളോട് ഉത്തരവാദിത്തത്തോടെയും ബഹുമാനത്തോടെയും പെരുമാറണമെന്നും അനാവശ്യ വിവാദങ്ങൾ സൃഷ്‌ടിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ഊന്നിപ്പറഞ്ഞു.

അഴിമതിയും ദുഷ്പ്രവൃത്തിയും സംബന്ധിച്ച പരാതികൾ ഉണ്ടാകാതിരിക്കാൻ എല്ലാ വകുപ്പുകളിലും ഭരണം ശക്തിപ്പെടുത്താൻ ശ്രദ്ധിക്കണം. മുൻ ഭരണകാലത്ത് സംഭവിച്ച വരുമാനനഷ്‌ടങ്ങളും പോരായ്‌മകളും തിരിച്ചറിഞ്ഞ് ഓരോ വകുപ്പിലും സർക്കാരിന് അധിക വരുമാനം ഉണ്ടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *