രജനികാന്ത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ധര്‍മ്മന്‍’. ചിത്രത്തില്‍ സിമ്രാന്‍ ആണ് നായികയായെത്തുന്നത്. ‘പേട്ട’ എന്ന ചിത്രത്തിന് ശേഷം സിമ്രാനും രജനികാന്തും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. സൂപ്പര്‍ സ്റ്റാറിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നാണ് സിമ്രാൻ പറഞ്ഞത്. ‘അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. എന്റെ റോള്‍ മോഡലുകളില്‍ ഒരാളാണ് അദ്ദേഹം. എനിക്ക് ഇങ്ങനെയൊരു അവസരം വന്നുവെന്ന കാര്യം വിശ്വസിക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. ഈ സിനിമ ചെയ്യുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. കാരണം ‘പേട്ട’ വളരെ നല്ലൊരു അനുഭവമായിരുന്നു.
‘പേട്ട’യില്‍ പക്ഷേ രജനി സാറിനൊപ്പം എനിക്ക് കുറച്ചു സീനുകളേ ഉണ്ടായിരുന്നുള്ളൂ. പിന്നെ രജനി സാറിനെ എവിടെ വച്ച് കണ്ടാലും ഞാന്‍ പറയും, സാര്‍ ‘പേട്ട’യിലേക്കാള്‍ കൂടുതല്‍ രംഗങ്ങള്‍ എനിക്ക് നിങ്ങളോടൊപ്പം ചെയ്യണമെന്ന്. ഇപ്പോള്‍ ആ വൈബ് തിരിച്ചു വന്നു. രജനി സാറിനൊപ്പം കമല്‍ സാറിന്റെ പ്രൊഡക്ഷനില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്’. – സിമ്രാന്‍ പറഞ്ഞു. ഡോക്ടറായാണ് ‘ധര്‍മ്മനി’ല്‍ രജനിയെത്തുക. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കമല്‍ ഹാസനാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്. ‘ഓ മൈ കടവുളേ’, ‘ഡ്രാഗണ്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അശ്വത് ഒരുക്കുന്ന ചിത്രം കൂടിയാണ് ‘ധര്‍മ്മന്‍’.
