മസ്കറ്റ്: ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. അനുമതിയില്ലാത്ത ഫോട്ടോയോ വീഡിയോയോ പങ്കുവെച്ചാൽ മൂന്ന് വർഷം വരെ തടവും 5,000 റിയാൽ വരെ പിഴയും ലഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റ് ഡിജിറ്റൽ സംവിധാനങ്ങളിലൂടെയോ പ്രചരിപ്പിക്കുന്ന ഉള്ളടക്കം പൂർണമായും ശരിയാണെങ്കിൽ പോലും അത് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതാണെങ്കിൽ ശിക്ഷാർഹമായിരിക്കും. മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനോ അവമതിക്കുന്നതിനോ ലക്ഷ്യമിട്ട് വ്യക്തിഗത വിവരങ്ങളോ ദൃശ്യങ്ങളോ പങ്കുവെക്കുന്നത് ക്രിമിനൽ കുറ്റമായാണ് കണക്കാക്കുന്നത്.
നിയമപരമായ അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദരേഖകൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ പകർത്തുക, റെക്കോർഡ് ചെയ്യുക, സൂക്ഷിക്കുക, കൈമാറ്റം ചെയ്യുക തുടങ്ങിയ പ്രവൃത്തികളിൽ നിന്നും മാറിനിൽക്കണമെന്നും പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ രാജ്യത്തെ സൈബർ ക്രൈം നിയമപ്രകാരം ക്രിമിനൽ പ്രോസിക്യൂഷന് കാരണമാകുമെന്നും, പോസ്റ്റ് പങ്കുവെക്കുന്നതിന് മുൻപ് തന്നെ നിയമപരമായ ഉത്തരവാദിത്തം ആരംഭിക്കുന്നുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു.
