ലോൺ ആപ്പ് ഭീഷണി; വടകരയിൽ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വിഷ്ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. കാണാതായി എട്ടാം ദിവസമാണ് യുവാവിനെ കണ്ടെത്തിയത്. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് കുടുംബത്തെ ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു. ഇന്ന് രാവിലെ സഹയാത്രക്കാരന്‍റെ ഫോണിൽ നിന്നാണ് വിഷ്ണു സഹോദരൻ അദ്വൈദിനെ വിളിച്ചത്. താൻ ജീവനോടെയുണ്ടെന്നും പ്രതിസന്ധിയുള്ളതിനാൽ നാട്ടിലേക്കില്ലെന്നും അറിയിച്ചു. എന്നാൽ അമ്മയും മറ്റ് കുടുംബാംഗങ്ങളും നേരിടുന്ന പ്രതിസന്ധി സഹോദരൻ വിഷ്ണുവിനെ അറിയിച്ചു. തുട‍‍ർന്ന് യുവാവ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു.

ഇയാൾക്കായി ബെംഗളൂരുവിലും, മംഗലാപുരത്തും വിവിധ സംഘങ്ങളായി പൊലീസ് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. വിഷ്ണുവിനെ കണ്ടെത്തിയ വിവരം കുടുംബാംഗങ്ങൾ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ ആപ്പ് അല്ല മറ്റ് സാമ്പത്തിക ബാധ്യതകളാണെന്നാണ് പൊലീസ് പറയുന്നത്. വിഷ്ണുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.പൊലീസ് വിഷ്ണുവിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി എടുക്കും. ഒളിവിൽ കഴിഞ്ഞ സമയം ആരെയൊക്കെ ബന്ധപ്പെട്ടു എന്നതും പരിശോധിക്കും.

പതിനായിരം രൂപയാണ് 25കാരനായ വിഷ്ണു ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ, മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ലോൺ ആപ്പ് മാഫിയാ സംഘത്തിലുള്ളവർ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. ഇക്കഴിഞ്ഞ പതിമൂന്നിനാണ് ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ കാണാതായത്. 65000 രൂപ ലോണെടുത്തിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ആയെന്നും ആണ് വിഷ്ണു സഹോദരങ്ങൾക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *