കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ജെഡിടിയിലെ വോട്ടിംങ് മെഷീൻ സൂക്ഷിച്ച അതീവസുരക്ഷയുള്ള റൂം രഹസ്യമായി തുറന്ന സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച് യുഡിഎഫ്. തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമം നടന്നതായും സംഭവത്തിൽ ദുരൂഹത സംശയിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കളായ എംകെ രാഘവൻ, ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ തുടങ്ങിയ നേതാക്കൾ പറഞ്ഞു.
സ്ട്രോങ്ങ് റൂമിന് സമീപം ഒരു സ്പെയർ റൂമുണ്ട്. ഇത് അടയ്ക്കണമെന്നും സുരക്ഷ പൂർണമായും ബിഎസ്എഫിനെ ഏൽപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം തുറന്നത് സ്ട്രോങ്ങ് റൂം അല്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പോളിങ്ങുമായി ബന്ധപ്പെട്ട മറ്റു സാമഗ്രികൾ സൂക്ഷിച്ചിരുന്ന റൂം ആണ് തുറന്നതെന്നും പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായാണ് മെറ്റീരിയൽസ് റൂം തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് റൂം തുറന്നത്. ആശയക്കുഴപ്പം മൂലമാകാം നേതാക്കൾ പരാതി ഉന്നയിച്ചതെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
അതേസമയം സ്ട്രോങ്ങ് റൂമിന് സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസർ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്ലിയ പറഞ്ഞു. രാവിലെ എട്ടു മണിക്കാണ് ഇക്കാര്യം വിളിച്ച് അറിയിച്ചത്. 9 മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. താൻ എത്തുമ്പോഴേക്കും റൂം തുറക്കാനുള്ള നടപടി കഴിഞ്ഞിരുന്നുവെന്നും ഏജൻ്റിൻ്റെ സാനിധ്യത്തിലായിരുന്നു തുറന്നതെന്നും ഫാത്തിമ്മ തഹ്ലിയ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ 7 മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകളാണ് റൂമിൽ സൂക്ഷിച്ചിരുന്നത്. കേന്ദ്രസേനയ്ക്ക് മാത്രം പോകാൻ കഴിയുന്ന സ്ഥലത്ത് പൊലീസും ഉദ്യോഗസ്ഥരും കയറിയത് ഗുരുതര വീഴ്ചയെന്ന് കോൺഗ്രസ് ആരോപിച്ചു.
