ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു 14 പേർക്ക് ദാരുണാന്ത്യം. 18 പേർക്ക് പരിക്കേറ്റു. രാംനഗറിൽ നിന്നും ഉധംപൂരിലേക്കു പോവുകയായിരുന്ന ബസ് കനോട്ട ഗ്രാമത്തിനു സമീപത്താണ് അപകടത്തിൽപെട്ടത്. മലയോര പാതയിലെ കുത്തനെയുള്ള വളവു തിരിയുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്. 100 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പ്രാദേശിക ഭരണകൂടവും പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.
അപകടത്തിൽ പരിക്കേറ്റവരെ വിമാനമാർഗം ബസിലേക്ക് കൊണ്ടുപോകുന്നതിനും മികച്ച ചികിത്സ നൽകുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എക്‌സിൽ കുറിച്ചു.
ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും അനുശോചനം അറിയിച്ചു. കൂടാതെ പരിക്കേറ്റവർക്ക് എല്ലാവിധ സഹായങ്ങളും നൽകാൻ ജില്ലാ ഭരണകൂടത്തിനും എസ്ഡിആർഎഫിനും അദ്ദേഹം നിർദേശം നൽകി. പരിക്കേറ്റവരെ ഉധംപൂരിൽ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
