‘വിദ്യാര്‍ഥികളുടെ ആശങ്കകളെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആരും ശ്രമിക്കേണ്ട’: രാഹുലിന് മറുപടിയുമായി ജെപി നദ്ദ

ഡൽഹി: ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി പ്രതിഷേധത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ. വിദ്യാര്‍ഥികളുടെ ആശങ്കകളെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് നദ്ദ പറഞ്ഞു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് പാര്‍ലമെന്റില്‍ മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചോദ്യപേപ്പര്‍ ചോര്‍ച്ചകളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണങ്ങള്‍ സെലക്ടീവാണ്. ബിജെപി അല്ലാത്ത പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പരീക്ഷ ക്രമക്കേടുകളെക്കുറിച്ച് അദ്ദേഹം ശബ്ദിക്കുന്നില്ല. കേരളത്തിലെ ഉള്‍പ്പെടെ പിഎസ്‌സി ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം രാഹുലിന്റെ ആരോപണം സര്‍ക്കാര്‍ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്നും പറഞ്ഞു. പരീക്ഷ ക്രമക്കേടുകള്‍ നടന്നത് ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലാണെന്നും കേരളത്തില്‍ പിഎസ് സി പരീക്ഷയില്‍ ക്രമക്കേടുണ്ടായെന്നും ജെപി നദ്ദ പറഞ്ഞു.

പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും എത്രസമയം വേണമെന്ന് പ്രതിപക്ഷത്തിന് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 152 ചോദ്യ പേപ്പര്‍ ചോര്‍ച്ചകള്‍ നടന്നുവെന്നായിരുന്നു രാഹുലിന്റെ ആരോപണം. ഒരാളേയും ശിക്ഷിച്ചില്ലെന്നും, പ്രധാനമന്ത്രി വിദ്യാര്‍ഥികളോട് മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *