ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യ കള്ളന് എന്ന പരാമര്‍ശത്തിനെതിരായി സമര്‍പ്പിക്കപ്പെട്ട കേസിൽ വിചാരണ കോടതിയുടെ നടപടികള്‍ സുപ്രീംകോടതി തടഞ്ഞു. രാഹുല്‍ ഗാന്ധി നല്കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നടപടി. കേസ് റദ്ദാക്കാന്‍ നേരത്തെ ബോംബെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളന്മാരുടെ രാജാവെന്നും കമാന്‍ഡറിന് ചീഫ് എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. ഇത് ക്രിമിനല്‍ അപകീര്‍ത്തിയാണെന്ന് കാട്ടിയായിരുന്നു നേരത്തെ മഹാരാഷ്ട്രയില്‍ ഒരു സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നത്.
ഇത് റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി നല്കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്. ഇതില്‍ എതിര് കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. അതുവരെയാണ് വിചാരണ കോടതിയുടെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തതെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് മനു സിങ്വിയാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായത്.
മജിസ്ട്രേറ്റ് കോടതിയുടെ സമന്‍സ് ചോദ്യം ചെയ്താണ് രാഹുല്‍ ഗാന്ധി നേരത്തെ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി പ്രവര്ത്തകന് നല്കിയ പരാതി നിലനില്‍ക്കില്ല എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാദം. താന്‍ ട്വീറ്റില്‍ പാര്‍ട്ടിയുടെ പേര് പറഞ്ഞിട്ടില്ല, കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്ത ഒരു വിഭാഗത്തെയും ലക്ഷ്യം വെച്ചിട്ടില്ല എന്നതടക്കം രാഹുല്‍ ഗാന്ധി വാദമായി ഉന്നയിച്ചിരുന്നു. ഇത് മുന്‍നിര്‍ത്തി പരാതിക്കാരന് കേസ് നടത്താന്‍ അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപി പ്രവര്‍ത്തകനായ മഹേഷ് ശ്രീമാലാണ് മോട്രോ പൊളിറ്റണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരുന്നത്.



