തിരുവനന്തപുരം: ഭരണത്തിലേറിയ ശേഷം മുന്നണി യോഗം ചേർന്ന് ചർച്ചകൾ നടന്നിട്ടില്ലെന്ന പരാതി ഉയരുന്നതിനിടെ, വ്യാഴാഴ്ച യുഡിഎഫ് നേതൃയോഗം ചേരും. നയപരമായ കാര്യങ്ങൾക്കൊപ്പം ഭരണത്തിന്റെ ഭാഗമായി ലഭിക്കുന്ന പദവികളുടെ വിഭജനവും തീരുമാനമാകാനുണ്ട്. ബോർഡ്, കോർപ്പറേഷൻ ചെയർമാൻ, അംഗങ്ങൾ, വിവിധ കമ്മിഷനുകളിലേക്കുള്ള നിയമനങ്ങൾ, അക്കാദമിക സമിതികളിലേക്ക് പ്രതിനിധികളെ നിശ്ചയിക്കൽ എന്നിങ്ങനെ മുന്നണിക്കുള്ളിൽ ധാരണയാകേണ്ട കാര്യങ്ങളുമുണ്ട്.
ഇതിൽ തീരുമാനമുണ്ടാക്കാനുള്ള ഉഭയകക്ഷി ചർച്ചയ്ക്കായി ഉപസമിതിയെ നിയോഗിച്ചേക്കും. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പുതുതായി രൂപവത്കരിച്ച സ്ഥാപനങ്ങളും മുൻപ് കേരള കോൺഗ്രസ് (എം) കൈവശം വെച്ചിരുന്ന സ്ഥാനങ്ങളും അധികമായി വിഭജിച്ചുനൽകും. വിവിധ സ്ഥാപനങ്ങളിൽ നിയമിക്കാവുന്ന സ്ഥാനങ്ങൾ സംബന്ധിച്ച് ഏകദേശ കണക്കെടുപ്പ് നടത്തിയിരുന്നു. ചില സ്ഥാപനങ്ങളിലേക്ക് നിയമനം നടക്കുകയും ചെയ്തു. പി.എം.ശ്രീ, വീര്യംകുറഞ്ഞ മദ്യത്തിന് വിൽപ്പനാനുമതി തുടങ്ങിയ കാര്യങ്ങളിൽ യു.ഡി.എഫിന്റെ തീരുമാനത്തിന് അനുസൃതമായിട്ടാകും നടപടിയെന്ന് ഭരണനേതൃത്വം വ്യക്തമാക്കിയിരുന്നു.
സർക്കാർ പ്രവർത്തനങ്ങളുടെ പ്രചാരണം, മുന്നണി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം എന്നിവയും ചർച്ചയാകും. കെപിസിസിക്ക് പുതിയ പ്രസിഡന്റ് വന്നശേഷം യുഡിഎഫ് നേതൃയോഗം ചേരാമെന്ന കോൺഗ്രസ് നിലപാടിനെ തുടർന്നാണ് യോഗം നീണ്ടത്. സമാന്തരമായി കെപിസിസി പ്രസിഡന്റിനെ കണ്ടെത്താനുള്ള ചർച്ചകളും സജീവമാണ്. ഓഗസ്റ്റ് ആദ്യത്തോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം.
