ഒ. പനീർശെൽവം DMK വിട്ടു

ചെന്നൈ: മൂന്നുതവണ തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ഒ. പനീർശെൽവം ഡിഎംകെ വിട്ട് തമിഴക വെട്രി കഴകത്തിൽ ചേരാനൊരുങ്ങുന്നു. ഡിഎംകെ ടിക്കറ്റിൽ ലഭിച്ച എംഎൽഎസ്ഥാനം രാജിവെച്ചശേഷമായിരിക്കും പാർട്ടി പ്രവേശം. അണ്ണാ ഡി.എം.കെ.യിലായിരിക്കേ മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായിരുന്ന ഒ.പി.എസ്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ഡി.എം.കെ.യിൽ ചേർന്നത്. പിന്നീട് നിയമസഭയിലെത്തുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ ഡി.എം.കെ. തോൽക്കുകയും പാർട്ടിയിൽ ഉദ്ദേശിച്ച പദവികളൊന്നും ലഭിക്കാതിരിക്കുകയും ചെയ്തതോടെ അദ്ദേഹം നിരാശനായിരുന്നു. ടി.വി.കെ.യിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച ഒ.പി.എസ്. താൻ ഡി.എം.കെയിൽ ഉറച്ചുനിൽക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ടി.വി.കെ. പ്രവേശനത്തിനുള്ള ചർച്ചകൾ മകനും മുൻ എം.പി.യുമായ ഒ.പി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. ടി.വി.കെ. നേതാക്കളായ എൻ. ആനന്ദുമായും ആധവ് അർജുനയുമായും പാർട്ടി പ്രവേശത്തെപ്പറ്റി രവീന്ദ്രനാഥ് സംസാരിച്ചുകഴിഞ്ഞു. വിഷയം മുഖ്യമന്ത്രി ജോസഫ് വിജയുമായി സംസാരിക്കാമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്. നിലവിൽ തെക്കൻ ജില്ലകളിൽ ടി.വി.കെ.യ്ക്ക് ശക്തരായ നേതാക്കളില്ല. തേനി ജില്ലയിൽനിന്നുള്ള ഒ.പി.എസിന്റെയും രവീന്ദ്രനാഥിന്റെയും വരവ് ആ കുറവ് നികത്തുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *