കൊച്ചി : കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ആദ്യമായി ഒന്നിക്കുന്ന ‘ഉന്മാദം’ സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. മികച്ച ബുക്കിംഗാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിൽ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജൂലൈ 31-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
ചിത്രത്തിലേതായി പുറത്തിറങ്ങിയ ‘അകലെ…’, ‘എറുന്നോ…’ എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സമാനതകളില്ലാത്ത അഭിനയ മുഹൂർത്തങ്ങളുമായി എത്തിയ ട്രെയിലറും വലിയ രീതിയിൽ ചർച്ചയായിരുന്നു. പനോരമ സ്റ്റുഡിയോസിൻറെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭം കൂടിയായ ‘ഉന്മാദം’ സംവിധാനം ചെയ്യുന്നത് ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആണ്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം കൂടിയാണിത്.
തീർത്തും വേറിട്ടൊരു പൊലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ്റേത് എന്നാണ് ട്രെയിലർ സൂചന നൽകിയിട്ടുള്ളത്. ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
