കൽപ്പറ്റ: കേരളത്തിലെ ആദിവാസി ഭൂസമര ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിലൊന്നായ മുത്തങ്ങ പൊലീസ് വെടിവയ്പ്പുമായി ബന്ധപ്പെട്ട കോൺസ്റ്റബിൾ കെ.വി. വിനോദ് വധക്കേസിൽ ജൂലൈ 31-ന് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രസ്താവിക്കും. സിബിഐ അന്വേഷിച്ച കേസിൽ ജഡ്ജി അയൂബ് ഖാനാണ് വിധി പറയുന്നത്.
2003 ഫെബ്രുവരി 19-ന് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നടന്ന പൊലീസ് ഒഴിപ്പിക്കൽ നടപടിക്കിടെയുണ്ടായ സംഘർഷത്തിലാണ് കോൺസ്റ്റബിൾ വിനോദും ആദിവാസി സമരക്കാരനായ ജോഗിയും കൊല്ലപ്പെട്ടത്. നിരവധി പൊലീസുകാർക്കും സമരക്കാർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട വിചാരണയ്ക്കൊടുവിലാണ് കേസിൽ അന്തിമവിധി വരുന്നത്.
ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ വനഭൂമി കൈയേറിയ സമരത്തിനിടെയാണ് സംഭവം നടന്നത്. കേസിൽ ആകെ 53 ആദിവാസികളെ പ്രതിചേർത്തിട്ടുണ്ട്. സംഘടനാ നേതാവ് ഗീതാനന്ദനാണ് ഒന്നാം പ്രതി.
കോൺസ്റ്റബിൾ വിനോദിനെ സമരക്കാർ തടവിലാക്കി പിന്നീട് കൊലപ്പെടുത്തിയെന്നാണ് സിബിഐയുടെ കേസ്. എന്നാൽ, സംഭവം നടന്ന കുടിലിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് നേരിട്ട് കണ്ട സാക്ഷികളില്ലെന്നും നിർണായക തെളിവുകൾ ഇല്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
അതേസമയം, കേസിന്റെ പുരോഗതിയെക്കുറിച്ച് വർഷങ്ങളായി കുടുംബത്തിന് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് വിനോദിന്റെ സഹോദരൻ കെ.വി. ബാബു പറഞ്ഞു. 23 വർഷത്തിന് ശേഷമുള്ള വിധി നീതി ലഭിക്കുമെന്ന പ്രതീക്ഷയും വൈകിയ നീതിയിലുള്ള ആശങ്കയും ഒരുപോലെ ഉണ്ടാക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.
കേസിലെ 53 പ്രതികളിൽ 15 പേർ ഇതിനകം മരണമടഞ്ഞു. ശേഷിക്കുന്നവരിൽ പലരും വാർധക്യത്തിലെത്തിയ സാഹചര്യത്തിലാണ് ഏറെ നിർണായകമായി കണക്കാക്കുന്ന ഈ കേസിൽ കോടതി വിധി പറയുന്നത്.
