മദ്രാസ് : അവസരം നിഷേധിച്ചാൽ എങ്ങനെ കഴിവുതെളിയിക്കും? വെബ്സൈറ്റ് മൊത്തത്തിൽ ഹാക്കുചെയ്യുകയാണ് വഴിയെന്ന് വിചാരിച്ചുകാണും. സൈബർ സുരക്ഷാ ബിരുദകോഴ്സിന് കാൺപുർ ഐ.ഐ.ടി.യിൽ അപേക്ഷിച്ച വിദ്യാർഥിയാണ് തന്റെ അപേക്ഷ നിരസിച്ചതോടെ കാൺപുർ, മദ്രാസ് ഐ.ഐ.ടി.കളുടെ വെബ്സൈറ്റ് ഹാക്കുചെയ്ത് പ്രതികാരം ചെയ്തത്. വിദ്യാർഥിയുടെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടില്ല. വലിയ കുറ്റകൃത്യമാണെങ്കിലും നിയമനടപടി വേണ്ടെന്ന് ഐ.ഐ.ടി.യും തീരുമാനിച്ചു. അതോടെ, വിദ്യാർഥിയുടെ സാങ്കേതിക കഴിവുകൾ വിലയിരുത്തി അടുത്ത അധ്യയനവർഷം പ്രവേശനത്തിന് പരിഗണിക്കാമെന്ന് ഡയറക്ടർ മനീന്ദ്ര അഗർവാൾ പറഞ്ഞു. സാമൂഹികമാധ്യമത്തിൽ വിദ്യാർഥിതന്നെ വെളിപ്പെടുത്തിയതോടെയാണ് ഹാക്കുചെയ്ത സംഭവം പുറത്തറിഞ്ഞത്. ഇത് തെളിയിക്കുന്ന രേഖകൾ പങ്കുവെക്കുകയും ചെയ്തു.
ഐ.ഐ.ടി.യുടെ വെബ്സൈറ്റ് ഹാക്കുചെയ്ത് വിദ്യാർഥി; പ്രവേശനത്തിന് പരിഗണിച്ച് ഡയറക്ടർ
