കൊച്ചി: നടി ലക്ഷ്മി പ്രിയക്കും സ്വകാര്യ ചാനലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് രണ്ടുപേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകണമെന്ന ഹർജി നിരസിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ നടി അൻസിബ ഹസ്സൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ഹർജി പരിഗണിച്ചത്. തന്റെ വ്യക്തിത്വത്തെ അധിക്ഷേപിക്കുന്നതിനും പൊതുമധ്യത്തിൽ അപമാനിക്കുന്നതിനുമായി പ്രതികൾ ചേർന്ന് യൂട്യൂബിലും സാമൂഹിക മാധ്യമങ്ങളിലും വിഡിയോകൾ പ്രചരിപ്പിച്ചുവെന്നാണ് അൻസിബ ഹസ്സന്റെ പരാതി.
ഹർജി പരിഗണനയ്ക്കെടുത്ത വേളയിൽ കേസിലെ ആരോപണങ്ങളെക്കുറിച്ച് ഹൈക്കോടതി വാക്കാൽ ചില സംശയങ്ങൾ ആരായുകയുണ്ടായി.”പ്രതികൾ സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. ഇതിൽ ഉന്നയിച്ചിട്ടുള്ള വകുപ്പുകളിൽ ചിലത് ജൻഡർ ന്യൂട്രൽ അല്ലല്ലോ. ചില കുറ്റകൃത്യങ്ങൾ പുരുഷന്മാർക്കെതിരെ മാത്രം ചുമത്താൻ കഴിയുന്നവയാണ്.” – ഹൈക്കോടതി നിരീക്ഷിച്ചു. ഇതിന് മറുപടിയായി, അഭിമുഖം നടത്തിയ വ്യക്തിയും ചാനൽ ഉടമയും പുരുഷന്മാരാണെന്നും അവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ടെന്നും അൻസിബയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ കേവലം ഒരു അഭിമുഖം നടത്തുന്ന വ്യക്തി കുറ്റകൃത്യത്തിൽ പങ്കാളിയാകണമെന്നില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
അൻസിബ ആദ്യം പൊലീസിനെ സമീപിച്ചുവെങ്കിലും കേസ് രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്ന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വ്യവസ്ഥകൾ പ്രകാരം മജിസ്‌ട്രേറ്റ് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും, എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നില്ല. പ്രാഥമിക അന്വേഷണത്തിൽ അപകീർത്തിപ്പെടുത്തൽ മാത്രമാണ് നിലനിൽക്കുകയെന്നാണ് പൊലീസ് അറിയിച്ചതെന്നും, മറ്റു ഗൗരവകരമായ വകുപ്പുകൾ ഒഴിവാക്കിയാണ് മജിസ്‌ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും അൻസിബയുടെ അഭിഭാഷകൻ വാദിച്ചു. തുടർന്ന് വിഷയത്തിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഹർജി ഫയലിൽ സ്വീകരിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിനും, പാലാരിവട്ടം എസ്എച്ച്ഒ, എറണാകുളം ജില്ലാ പൊലീസ് മേധാവി എന്നിവർക്കും വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ സമയം അനുവദിച്ച കോടതി, കേസ് വീണ്ടും ഒരു ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
