അൽഐൻ : അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ അൽ ഐൻ അൽ സരൂജ് പാർക്കിൽ നടന്നുവരുന്ന പ്രഥമ അൽ ഐൻ ഈന്തപ്പഴമേള അൽ ഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. മേളയിലെ പ്രധാന പരിപാടികളും മത്സരങ്ങളും ശൈഖ് ഹസ്സ ബിൻ സായിദ് വീക്ഷിച്ചു.
മികച്ച രീതിയിലുള്ള കർഷകരുടെ പങ്കാളിത്തവും ഈന്തപ്പഴങ്ങളുടെ ഗുണനിലവാരവും അദ്ദേഹം വിലയിരുത്തി. ഈന്തപ്പഴ-പഴവർഗ മത്സരങ്ങൾ, പാരമ്പര്യം വിളിച്ചോതുന്ന മാർക്കറ്റുകൾ, പരമ്പരാഗത കരകൗശല വസ്തുക്കൾ, കുടുംബങ്ങളുടെ സ്റ്റാളുകൾ എന്നിവ അദ്ദേഹം സന്ദർശിച്ചു. ഈന്തപ്പഴവുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങളും അറിവുകളും ഭാവിതലമുറയിലേക്ക് കൈമാറുന്നതിൽ ഇത്തരം കാർഷിക-പൈതൃക ഉത്സവങ്ങൾക്കുള്ള പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. കർഷകരെ പിന്തുണയ്ക്കാനും കാർഷിക മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനും ഈ മേളകൾ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
