തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്സ്. കല്യാണ്‍ ജ്വല്ലേഴ്സ് എംഡി ടി. എസ് കല്യാണരാമനാണ് ഇക്കാര്യം അറിയിച്ചത്. തുക തിരുവമ്പാടി ദേവസ്വം സെക്രട്ടറിയെ ഏല്‍പ്പിച്ചെന്നും കല്യാണരാമന് പറഞ്ഞു. മരിച്ചവരുടെ ആശ്രിതര്‍ക്ക് സർക്കാർ 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയും അനുവദിക്കാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം വന്നത്. പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കാനും തീരുമാനമായി. പരിക്കേറ്റവരുടെ ആറ് മാസത്തേക്കുള്ള സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.
ആറ് മാസത്തിലധികമായി ചികിത്സ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ശിപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. തിരച്ചിലും രക്ഷാപ്രവര്‍ത്തനവും സുഗമമാക്കുന്നതിനുവേണ്ടി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ മതില് പൊളിക്കുകയും വയല്‍ നികത്തുകയും ചെയതിട്ടുണ്ട്. അവ പൂര്‍വ്വ സ്ഥിതിയില്‍ ആക്കുന്നതിന് ചെലവാകുന്ന യഥാര്‍ത്ഥ തുക ജില്ലാ കളക്ടറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ദുരന്തപ്രതികരണ നിധിയില്‍ നിന്നും അനുവദിക്കുമെന്നും മന്ത്രിസഭാ യോഗം അറിയിച്ചു.
