റിയാദ്: അനുമതിയില്ലാതെ ക്യാമ്പ് ചെയ്ത് പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച സ്വദേശി പൗരനെ പിടികൂടി സൗദി പരിസ്ഥിതി സുരക്ഷാ സേന. അസീർ പ്രവിശ്യയിലാണ് സംഭവം. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. വനങ്ങളിലോ നാഷണൽ പാർക്കുകളിലോ ഇത്തരത്തിൽ അനുമതിയില്ലാതെ ക്യാമ്പ് ചെയ്യുന്നത് പാരിസ്ഥിതിക നിയമലംഘനമാണെന്നും, ഈ കുറ്റങ്ങൾക്ക് 3,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പരിസ്ഥിതിക്കോ വന്യജീവികൾക്കോ നാശനഷ്ടമുണ്ടാക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ വിവരമറിയിക്കണമെന്ന് സുരക്ഷാ സേന ആവശ്യപ്പെട്ടു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങലിലുള്ളവർക്ക് 911ലും മറ്റു പ്രവിശ്യകളിലുള്ളവർക്ക് 999,996 എന്നീ അടിയന്തര നമ്പറുകളിലും ബന്ധപ്പെടാം. വിവരമറിയിക്കുന്നവരുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അവർക്കെതിരെ യാതൊരുവിധ ബാധ്യതകളും ഉണ്ടാകില്ലെന്നും പരിസ്ഥിതി സുരക്ഷാ സേന കൂട്ടിച്ചേർത്തു.
അനുമതിയില്ലാതെ ക്യാമ്പിങ്; അസീറിൽ സ്വദേശി പൗരൻ പിടിയിൽ
