മാര്‍ത്താണ്ഡത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തമിഴ്‌നാട് മാര്‍ത്താണ്ഡത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കാഞ്ഞിരംകുളം സ്വദേശി ശ്രീകുമാര്‍, കാട്ടാക്കട സ്വദേശി സജികുമാര്‍ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ അമിതവേഗതയില്‍ എത്തിയ ടെമ്പോ വാന്‍ ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.വാനിന്റെ അടിയില്‍പ്പെട്ട ഇരുവരെയും കുഴിത്തുറ അഗ്നിരക്ഷാ സേന പുറത്തെത്തിച്ചുവെങ്കിലും ശ്രീകുമാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് സജികുമാര്‍ മരിച്ചത്. സംഭവത്തില്‍ കളിയിക്കാവിള പൊലീസ് കേസെടുത്തു.

അതേസമയം തൃശ്ശൂര്‍ ഒല്ലൂരിലും വടക്കാഞ്ചേരിയിലും ഉണ്ടായ അപകടങ്ങളില്‍ മൂന്ന് മരണം സ്ഥിരീകരിച്ചു. ഒല്ലൂരില്‍ ഓട്ടോയ്ക്ക് പിന്നില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ചാണ് രണ്ടു പേര്‍ മരിച്ചത്. ലോറിയിടിച്ച് മറിഞ്ഞ ഓട്ടോയെ എതിരെ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ചുതെറിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ ഡാനി, യാത്രക്കാരനായ മെജോറിന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം സംഭവിച്ചത്. കനത്ത മഴയില്‍ നിയന്ത്രണം വിട്ടാണ് ലോറി ഓട്ടോയില്‍ ഇടിച്ചതെന്നാണ് നിഗമനം. വടക്കാഞ്ചേരിയില്‍ നടന്ന അപകടത്തിൽ ലോറിക്കടയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രിക മരിച്ചു. യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വടക്കാഞ്ചേരി റെയില്‍വേ മേല്‍പ്പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *