ന്യൂഡൽഹി: തമിഴ്നാട് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ നടി തൃഷയ്ക്കെതിരെ നടത്തിയ ‘സ്ത്രീവിരുദ്ധ’ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ. സ്വയം ഒരു നേതാവെന്ന് വിളിക്കാൻ അദ്ദേഹം ലജ്ജിക്കണമെന്ന് പറഞ്ഞ ഖുശ്ബു, താനും പലതവണ ലൈംഗികാധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ടെന്നും സ്ത്രീവിരുദ്ധതയും ലിംഗവിവേചനവും ഡിഎംകെയുടെ ‘പാരമ്പര്യത്തിന്റെ’ ഭാഗമാണെന്നും പരിഹസിച്ചു. തിങ്കളാഴ്ച തഞ്ചാവൂരിൽ നടന്ന ഒരു പ്രതിഷേധ പരിപാടിക്കിടെ തൃഷക്കെതിരെ ഉദയനിധി നടത്തിയ ദ്വയാർഥ പ്രയോഗമാണ് വിവാദങ്ങൾക്ക് തുടക്കമായത്. ജനക്കൂട്ടത്തിൽ നിന്ന് ‘തൃഷ-തൃഷ’ എന്ന വിളികൾ ഉയർന്നപ്പോൾ ഡിഎംകെ നേതാവ് പരിഹാസപൂർവ്വം ചിരിക്കുകയും ദ്വയാർത്ഥ പരാമർശം നടത്തുകയും ചെയ്തിരുന്നു.
ഒരു സ്ത്രീയുടെ മാന്യതയെ അപമാനിച്ചതടക്കം വിവിധ കുറ്റങ്ങൾ ചുമത്തി ചൊവ്വാഴ്ച രാവിലെ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിന് ശേഷം രാത്രി എട്ടുമണിയോടെ വിട്ടയയ്ക്കുകയും ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ അടുത്ത സുഹൃത്തായ നടി തൃഷയെ ഉദ്ദേശിച്ചുള്ളതാണ് ഈ പരാമർശമെന്നാണ് വിലയിരുത്തപ്പെട്ടത്.ഉദയനിധി പോലീസ് കസ്റ്റഡിയിൽനിന്ന് മോചിതനായ ശേഷം എൻഡിടിവിയോട് സംസാരിക്കവെയാണ് ഖുശ്ബു അദ്ദേഹത്തിനെതിരെയും ഡിഎംകെയ്ക്ക് എതിരെയും രൂക്ഷമായി പ്രതികരിച്ചത്. ‘എനിക്ക് ഒട്ടും അത്ഭുതം തോന്നിയില്ല. ഇത്തരം സ്ത്രീവിരുദ്ധവും ലിംഗവിവേചനപരവുമായ പരാമർശങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. മുമ്പ് ഡിഎംകെയിൽ സ്ത്രീകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇതുതന്നെയാണ് അവർ തുടരുന്ന പാരമ്പര്യം.’ ഖുശ്ബു കുറ്റപ്പെടുത്തി.
‘പക്ഷേ, ഉദയനിധി സ്റ്റാലിനിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, കാരണം അദ്ദേഹം ചെറുപ്പമാണ് പ്രതിപക്ഷ നേതാവാണ്. അദ്ദേഹം മുൻ ഉപമുഖ്യമന്ത്രിയും യുവജനക്ഷേമ മന്ത്രിയുമായിരുന്നു, അതിനാൽ ഈ മനുഷ്യൻ വ്യത്യസ്തനായിരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ ഉദയനിധി ഇത്തരത്തിലുള്ള വളരെ അശ്ലീലവും ക്രൂരവും തരംതാഴ്ന്നതുമായ പ്രസ്താവനകളുമായി വരുന്നത് വളരെ അത്ഭുതകരമാണ്. അതിൽ അദ്ദേഹത്തിന് തെല്ലും പശ്ചാത്താപം പോലുമില്ല.’ ഖുശ്ബു കുറ്റപ്പെടുത്തി.രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇനിയും എത്ര കാലം പുരുഷന്മാർ സ്ത്രീകളെ അധിക്ഷേപിക്കുമെന്നും ആരാണ് നിങ്ങൾക്ക് അതിനുള്ള അവകാശം നൽകിയതെന്നും ഖുശ്ബു ചോദിച്ചു. ‘ഒരു പൊതുവേദിയിൽ ഒരു സ്ത്രീയെ അധിക്ഷേപിക്കാൻ നിങ്ങൾക്ക് ആരാണ് ജന്മാവകാശം നൽകിയത്? ഇത് ഉദയനിധി സ്റ്റാലിൻ മാത്രം ചെയ്യുന്നതല്ല, എല്ലാ രാഷ്ട്രീയ പാർട്ടികളിലുമുണ്ട്. എത്ര കാലം നിങ്ങൾ ഒരു സ്ത്രീയെ അധിക്ഷേപിക്കും?’ അവർ ചോദിച്ചു.
‘ഒരു സ്ത്രീയെക്കുറിച്ച് ഇത്ര ബഹുമാനമില്ലാത്ത രീതിയിൽ സംസാരിക്കാനും, ‘ഞാൻ ശക്തനാണ്, ഞാൻ ഒരു നേതാവാണ്’ എന്ന് സ്വയം പറയാനും ഒരു പുരുഷൻ എത്രമാത്രം ദുർബലനായിരിക്കണം? നിങ്ങളെ ഒരു നേതാവെന്ന് വിളിക്കുന്നതിൽ ലജ്ജ തോന്നുന്നു.’ ഖുശ്ബു കൂട്ടിച്ചേർത്തു.മുമ്പ്, ഡിഎംകെ നേതാവ് സാദിഖ് തന്നെയും മറ്റ് സ്ത്രീകളെയും ‘ഐറ്റംസ്’ എന്ന് വിളിക്കുകയും അതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെടുകയും, മാസങ്ങൾക്ക് ശേഷം അയാളെ പാർട്ടിയിൽ തിരിച്ചെടുത്തതും ഓർമ്മിപ്പിച്ചുകൊണ്ട്, സ്റ്റാലിനും അതേ അച്ചിൽ വാർത്ത വ്യക്തിയാണെന്ന് ഖുശ്ബു ആരോപിച്ചു.’നിങ്ങൾക്ക് ആണത്തമുണ്ടെങ്കിൽ, ഞാൻ ഒരു നേതാവാണെന്ന് നിങ്ങൾ പറയുകയാണെങ്കിൽ, ഒരു സ്ത്രീയെ അധിക്ഷേപിക്കാതെ നിൽക്കൂ. നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുമോ എന്ന് നോക്കാം’ അവർ വെല്ലുവിളിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ കുടുംബാംഗങ്ങൾ പോലും അവർക്ക് വോട്ട് ചെയ്തില്ലെന്നും ഖുശ്ബു ആരോപിച്ചു.
