വൈദ്യുത തൂണുകൾ പൊട്ടിവീണാൽ പോലും മന്ത്രിയെ വിളിക്കുന്ന കാലമാണിത്; സണ്ണി ജോസഫ്

ഇരിട്ടി: വൈദ്യുതിവകുപ്പ് മന്ത്രിസ്ഥാനം തലയിൽ അടിച്ചുകയറ്റിയ കുരിശാണെന്ന് മന്ത്രി സണ്ണി ജോസഫ്. വകുപ്പിനെ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതതൂണുകൾ പൊട്ടിവീണാൽ പോലും മന്ത്രിയെ വിളിക്കുന്ന കാലമാണിത്. അതിന് ഉപഭോക്താവിനെ കുറ്റം പറയാനാകില്ല. ജനങ്ങളാണ് പരമാധികാരി. എനിക്കുള്ള വേതനവും എന്റെ കീഴിലെ ജീവനക്കാർക്കുള്ള വേതനവും ജനങ്ങൾ നല്കുന്നതാണ്.

വകുപ്പിലെ 90 ശതമാനം ജീവനക്കാരും നല്ലവരാണെന്നാണ് ജനങ്ങൾ പറയുന്നത്. അവശേഷിക്കുന്ന പത്ത് ശതമാനമുണ്ട്. എന്റെ ആഗ്രഹം ജീവനക്കാരിൽ 99.9 ശതമാനവും നല്ലവരാകണം എന്നാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ആഭിമുഖ്യത്തിൽ ’വൈദ്യുതി ഉപഭോക്തൃ പരാതി പരിഹാര ഫോറവും ഓംബുഡ്സ്മാനും പരാതി പരിഹാര സംവിധാനങ്ങളും പരാതി സമർപ്പിക്കേണ്ട രീതിയും’ എന്ന വിഷയത്തിൽ ഇരിട്ടിയിൽ സംഘടിപ്പിച്ച ഉപഭോക്തൃ ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പകൽ യൂണിറ്റിന് 10 പൈസക്ക് കിട്ടുന്ന വൈദ്യുതി രാത്രി 10 രൂപ നല്കിയാൽ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. പകൽ സൗരോർജം ഉപയോഗിക്കാമെങ്കിലും രാത്രി അത്‌ സംഭരിച്ചുവെക്കാൻ സംവിധാനമില്ല. സോളാർ എനർജിയുടെ സംഭരണത്തിനുള്ള നടപടിക്കാണ് മുന്തിയ പരിഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *