ചരിത്രനേട്ടവുമായി ഷാനവാസ് ഖാൻ; ലോങ് ജമ്പിൽ വെങ്കല മെഡൽ

ഡാളളസ്: ലോക അണ്ടർ-20 അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനിമിഷം. പുരുഷന്മാരുടെ ലോങ് ജമ്പിൽ ഇന്ത്യൻ താരം ഷാനവാസ് ഖാൻ വെങ്കല മെഡൽ സ്വന്തമാക്കി. 7.84 മീറ്റർ ദൂരം ചാടിയാണ് ഇരുപതുകാരനായ ഷാനവാസ് മെഡൽ നേട്ടം കൈവരിച്ചത്. ഇതോടെ ലോകവേദിയിൽ ഒരു അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ് ജമ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന ചരിത്രനേട്ടവും ഷാനവാസ് സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. നേരത്തെ ആശിഷ് യാദവും വസന്ത് മേഘ്‌വാളും വെള്ളി മെഡലുകൾ നേടിയിരുന്നു.

ക്വാളിഫയിങ് റൗണ്ടിൽ 7.73 മീറ്റർ കണ്ടെത്തിയാണ് ഷാനവാസ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലിൽ തൻറെ മൂന്നാം ശ്രമത്തിലാണ് ഷാനവാസ് മെഡൽ ഉറപ്പിച്ച 7.84 മീറ്റർ ദൂരം പിന്നിട്ടത്. ആദ്യ രണ്ട് ശ്രമങ്ങളിൽ യഥാക്രമം 7.67 മീറ്ററും 7.72 മീറ്ററുമായിരുന്നു ഷാനവാസ് പിന്നിട്ടത്. നാലാം ശ്രമത്തിൽ 7.52 മീറ്ററിലെത്താനേ കഴിഞ്ഞുള്ളൂ. അവസാന ശ്രമത്തിന് ശേഷം പേശിവലിവ് കാരണം താരം മൈതാനത്ത് വേദനകൊണ്ട് വീണെങ്കിലും, പിന്നാലെ മത്സരിച്ച മറ്റ് താരങ്ങൾക്കാർക്കും ഷാനവാസിൻറെ ദൂരം മറികടക്കാൻ സാധിച്ചില്ല. ഇറ്റലിയുടെ ഡാനിയേൽ ഇൻസോളിക്കാണ് ) സ്വർണ്ണം. ഓസ്ട്രേലിയയുടെ മേസൺ മക്ഗ്രോഡർ വെള്ളി നേടി. മത്സരത്തിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം ആർ.സി. ജിതിൻ അർജുനൻ 7.59 മീറ്റർ ദൂരത്തോടെ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *