ഇൻസ്റ്റഗ്രാമിലെ ആസ്ക് മീ എനിതിങ് സെഷനിടെ ഫിറ്റ്നസിനേക്കുറിച്ച് വന്ന ചോദ്യത്തിനു മറുപടി നൽകി രാഹുൽ ഗാന്ധി. എന്താണ് രാഹുലിന്റെ ഫിറ്റ്നസ് റുട്ടീൻ എന്നതായിരുന്നു ചോദ്യം. ഏത് ശീലമാണ് പിന്തുടരുന്നത് എന്നതിനേക്കാൾ അവ സ്ഥായിയായും സ്ഥിരമായും തുടരുക എന്നതാണ് പ്രധാനമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. താൻ ആയോധനകലകൾ ചെയ്യാറുണ്ട്. കുറേശ്ശെ നീന്തലും ഓട്ടവും തുടരാറുണ്ട്. അടുത്തിടെയായി യോഗയും ആരംഭിച്ചു.
കരുത്തുനേടാനും മെയ്‌വഴക്കത്തിനുമെല്ലാം വേണ്ടി ഒരു മണിക്കൂർ വ്യായാമത്തിനായി മാറ്റിവെക്കാറുണ്ട്. അത് ഒഴിവുസമയത്ത് ചെയ്യുന്ന കാര്യമല്ല, മറിച്ച് എന്തുതന്നെ സംഭവിച്ചാലും അതിനുള്ള സമയം കണ്ടെത്തും. പതിനൊന്നു മണിക്കാണ് ചെയ്യേണ്ടതെങ്കിൽ അപ്പോൾതന്നെ ചെയ്യുമെന്നും രാഹുൽ പറഞ്ഞു.എത്രതന്നെ വ്യായാമത്തിനു സമയം കണ്ടെത്തിയാലും ജീവിതശൈലി മോശമായാൽ കാര്യമില്ലെന്നും രാഹുൽ പറയുന്നു. അനാരോഗ്യകരമായ ആഹാരം കഴിക്കുന്നവരോ ധാരാളം മദ്യപിക്കുന്നവരോ എപ്പോഴും സ്നാക്സ് കൊറിച്ചിരിക്കുന്നവരോ ആണെങ്കിൽ ഫിറ്റ്നസിനേക്കുറിച്ചു മറക്കുന്നതാണു നല്ലത്. കാരണം, അതെല്ലാം ഒരുമിച്ചുപോവില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
