മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; കാലടി സ്വദേശിക്ക് എതിരെ കേസ്

കൊച്ചി: വാട്സ്ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രി വി. ഡി സതീശനെ അധിക്ഷേപിച്ചെന്ന പരാതിയിൽ എറണാകുളം കാലടി സ്വദേശിക്ക് എതിരെ കേസ്. വാഴേലി ഫൈസലിന് എതിരെയാണ് കാലടി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസ്. നാട്ടുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന ഒരു ഗ്രൂപ്പ് അംഗത്തിന്‍റെ പരാതിയിലാണ് കേസ്. മുഖ്യമന്ത്രി വി. ഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ് ബുക്കിൽ കമന്‍റിട്ടെന്ന പരാതിയിൽ ഒരു യുവാവിനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്.

കോഴിക്കോട് ബേപ്പൂർ സ്വദേശി നിതിൻ കക്കേടത്തിനെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു നിതിന്‍റെ കമന്‍റ്. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം നൽകിയ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്. പൊതു സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ കമന്‍റിട്ടുവെന്നാണ് എഫ്ഐആറിൽ ഉള്ളത്. കോഴിക്കോട് സൈബർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *