ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നടക്കുന്ന പൊട്ടിത്തെറിയിൽ , ആം ആദ്മി പാർട്ടിയിലെ പ്രവർത്തകർ ബിജെപിയിലേക്ക് ചേക്കേറുന്നത് പഞ്ചാബ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് അഭ്യൂഹം. ഇതിനായി അണിയറയിൽ ബി.ജെ.പി. കരുനീക്കം തുടങ്ങിയിട്ട് മാസങ്ങളായെന്നാണ് സൂചന. സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകളത്തിൽ പാർട്ടി ഇറങ്ങിക്കഴിഞ്ഞെന്ന് കഴിഞ്ഞ മാർച്ചിൽ കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. സർക്കാരുണ്ടാക്കാൻ ലക്ഷ്യമിട്ട് മുഴുവൻ സീറ്റിലും മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. ഷായുടെ പ്രഖ്യാപനം കഴിഞ്ഞ് ഒരുമാസം പിന്നിട്ടപ്പോൾ ‘ഓപ്പറേഷൻ താമര’യിലൂടെ ‘ഓപ്പറേഷൻ പഞ്ചാബ്’ ബി.ജെ.പി. പ്രാബല്യത്തിലാക്കി. പഞ്ചാബ് പിടിച്ചാൽ ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ വേരറക്കാമെന്ന കണക്കുകൂട്ടലും ബി.ജെ.പി.ക്കുണ്ടെന്നാണ് സൂചന.
ഡൽഹി ഭരണം നഷ്ടപ്പെട്ടശേഷം അരവിന്ദ് കെജ്‌രിവാളും പാർട്ടിയും കടുത്തക്ഷീണത്തിലാണ്. ഈ സമയം എ.എ.പി.യെ ആക്രമിച്ച് പഞ്ചാബ് പിടിക്കുകയാണ് തന്ത്രം. പഞ്ചാബ് പിടിച്ചാൽ എ.എ.പി.യെ വരുതിയിലാക്കാമെന്നാണ് ബി ജെ പി യുടെ കണക്കുകൂട്ടൽ. ഉത്തരേന്ത്യയിൽ ബി.ജെ.പി.ക്ക് പറയത്തക്ക സ്വാധീനമില്ലാത്ത സംസ്ഥാനമാണ് പഞ്ചാബ്. ഭരണകക്ഷിയായ എ.എ.പി.യും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് നിലവിൽ ബി.ജെ.പി.ക്ക് രണ്ട് എം.എൽ.എ.മാരാണുള്ളത്. എ.എ.പി.യെ പിളർത്താനായാൽ അതിന്റെ നേട്ടം കൊയ്യാമെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വം വിലയിരുത്തുന്നു.
