കൊച്ചി: ഫുട്‌ബോൾ സ്‌പോൺസർ തട്ടിപ്പുകേസിൽ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയെന്ന് പോലീസ് എഫ്.ഐ.ആർ. അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് സർക്കാരിനെ വഞ്ചിക്കുകയും ചതിക്കുകയും ചെയ്തുവെന്നാണ് കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത്. മെസ്സി വിവാദത്തിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
കേസിലെ ഒന്നാം പ്രതി ആന്റോ, രണ്ടാം പ്രതി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെയാണ് എഫ്.ഐ.ആറിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആന്റോ അഗസ്റ്റിനും മറ്റുപ്രതികളും ചേർന്ന് 2024 ഡിസംബർ 20ന് മുൻപ് മുതൽ ഗൂഢാലോചന നടത്തി സർക്കാരിനെ വഞ്ചിച്ചു. വ്യാജവും നിയമവിരുദ്ധവുമായ ഭാഗങ്ങൾ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൽ എഴുതിച്ചേർത്ത് സർക്കാരിനെയും മറ്റുള്ളവരെയും വഞ്ചിക്കുകയും അന്യായലാഭം ഉണ്ടാക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ആന്റോയുടെ വീട്ടിലും റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരി ഓഫീസിലും എസ്.ഐ.ടിയുടെ പരിശോധന നടന്നിരുന്നു. ഇന്ന് പുലർച്ചെ മുതൽ അഞ്ചിടങ്ങളിലായിരുന്നു എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ റെയ്ഡ്. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ പരിശോധിക്കുന്നതിനും പിടിച്ചെടുക്കുന്നതിനുമായിരുന്നു മിന്നൽ പരിശോധന.



