കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാൾ സന്ദർശന വേളകളിലെ ഔദ്യോഗിക യോഗങ്ങളിൽ നിന്നും പ്രോട്ടോക്കോൾ ചുമതലകളിൽ നിന്നും മുതിർന്ന മുസ്‌ലിം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയെന്ന പരാതിയിൽ പശ്ചിമ ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ.
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര നൽകിയ പരാതിയിലാണ് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയത്. സെപ്റ്റംബർ 18ന് മഹുവ മൊയ്ത്ര സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, സെപ്റ്റംബർ 21-നാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഡെപ്യൂട്ടി സെക്രട്ടറി ഹരീഷ് കുമാർ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി മനോജ് കുമാർ അഗർവാളിന് കത്തയച്ചത്.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ അമിത് ഷാ നടത്തിയ ബംഗാൾ സന്ദർശനങ്ങളിൽ മുതിർന്ന മുസ്‌ലിം ഉദ്യോഗസ്ഥർക്കെതിരെ മതപരമായ വിവേചനം കാട്ടിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. വിഷയം കമ്മീഷൻ പരിഗണിച്ചതായും സംസ്ഥാന സർക്കാർ ഇതിന് കൃത്യമായ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും കൃഷ്ണനഗർ എംപിയായ മഹുവ മൊയ്ത്ര വ്യക്തമാക്കി.
