തിരുവനന്തപുരം കോർപറേഷനിലെ സിപിഎം കൗൺസിലർക്കെതിരെ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം. തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിൻ എസ്.എൽ. 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പേയാട് സ്വദേശി സഞ്ജുവിന്റെ പരാതി. ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കൗൺസിലർ പണം ആവശ്യപ്പെട്ടതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. കൗൺസിലർ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ താൻ ഫോണിൽ പകർത്തിയതായും സഞ്ജു പറയുന്നു.
തൃക്കണ്ണാപുരം വാർഡിലെ എംഎൽഎ റോഡിന് സമീപം സഞ്ജു വാങ്ങിയ 19 സെന്റ് സ്ഥലവുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സ്ഥലത്തിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമി കൂടി രജിസ്റ്റർ ചെയ്ത് നൽകുന്നതിനായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് സഞ്ജുവിന്റെ ആരോപണം. പണം നൽകാൻ കഴിയില്ലെന്ന് അറിയിച്ചപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകരെ ഉപയോഗിച്ച് സ്ഥലത്ത് കൊടികുത്തുമെന്നും നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിക്കാരൻ പറയുന്നു. പിന്നീട് പ്രാദേശിക നേതാക്കൾ ഇടപെട്ട് അഞ്ച് ലക്ഷം രൂപ നൽകിയാൽ പ്രശ്നം ഒഴിവാക്കാമെന്ന് ആവശ്യപ്പെട്ടതായും സഞ്ജു ആരോപിച്ചു.
തുടർന്ന് കൗൺസിലറെ നേരിൽ കാണാനെത്തിയപ്പോൾ ഫോൺ വീഡിയോ ഓൺ ചെയ്ത് സംഭാഷണം റെക്കോർഡ് ചെയ്തെന്നാണ് സഞ്ജുവിന്റെ വിശദീകരണം. അഞ്ച് ലക്ഷം രൂപ നൽകണമെന്നും അതിൽ മൂന്ന് ലക്ഷം രൂപ ഏതാനും ദിവസത്തിനുള്ളിൽ നൽകണമെന്നും ബാക്കി പിന്നീട് നൽകണമെന്നും പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതായി റിപ്പോർട്ടിൽ പറയുന്നു. കൈക്കൂലി ആവശ്യപ്പെട്ടതിലും ഭീഷണിപ്പെടുത്തിയതിലും നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കും തിരുവനന്തപുരം മേയർക്കും പരാതി നൽകിയതായും സഞ്ജു വ്യക്തമാക്കി.
അതേസമയം, തനിക്കെതിരായ ആരോപണം കൗൺസിലർ അജിൻ നിഷേധിച്ചു. പരാതിക്കാരനുമായി തനിക്ക് യാതൊരു ഇടപാടുമില്ലെന്നും സ്ഥലത്തെ പുറമ്പോക്ക് ഭൂമി കൈയേറിയതിനെതിരെ വില്ലേജ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധികമായി ഭൂമി കൈവശപ്പെടുത്തിയതിനെതിരായ തന്റെ നിലപാടിന്റെ പ്രതികാരമായാണ് മാസങ്ങൾ പഴക്കമുള്ള വീഡിയോ ഇപ്പോൾ പുറത്തുവിട്ടതെന്നാണ് കൗൺസിലറുടെ വാദം. വീഡിയോ എഡിറ്റ് ചെയ്തതാണെന്നും തന്നെ കുടുക്കാനുള്ള ഭൂമാഫിയയുടെ ശ്രമമാണെന്നും അജിൻ ആരോപിച്ചു.
