‘കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ എത്തും’; എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വീണ്ടും അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുറത്തുവന്ന എക്സിറ്റ് പോൾ സർവേകൾ പരിശോധിച്ചാൽ ഇടതുപക്ഷത്തെ അധികാരത്തിൽ കൊണ്ടുവരാനുള്ള ജനങ്ങളുടെ പരസ്യ പ്രഖ്യാപനമാണ് കാണാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സീറ്റുകളുടെ എണ്ണത്തിൽ ചില പത്രങ്ങൾ നൽകുന്ന കണക്കുകളിൽ ആത്മനിഷ്ഠമായ ഘടകങ്ങൾ ഉണ്ടാകാമെങ്കിലും, സർവേകളുടെ അന്തർലീനമായ സന്ദേശം എൽഡിഎഫിന് അനുകൂലമാണെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.

സർവേകളിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം ഗവൺമെന്റിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് എല്ലാവരും സമ്മതിച്ചിട്ടുണ്ട് എന്നതാണ്. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ പൊതുവേ അംഗീകരിക്കപ്പെടുകയും ജനപ്രിയതയിൽ ഒന്നാം സ്ഥാനത്ത് തുടരുകയും ചെയ്യുന്നു. എൽഡിഎഫ് ഉയർത്തിപ്പിടിച്ച മുദ്രാവാക്യങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ പിണറായി വിജയനെ ജനങ്ങൾ ഹൃദയപൂർവ്വം സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ റിപ്പോർട്ടുകളെന്നും അദ്ദേഹം പറഞ്ഞു.

എക്സിറ്റ് പോളുകൾ നൽകുന്ന സീറ്റ് നിലയെ സംബന്ധിച്ചും പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. 69 അല്ലെങ്കിൽ 70 സീറ്റുകൾ വരെ നൽകുന്ന റിപ്പോർട്ടുകൾ യഥാർത്ഥത്തിൽ എൽഡിഎഫ് ജയിക്കുമെന്ന് നേരിട്ട് പറയാൻ മടിക്കുന്നവർ രഹസ്യമായി നൽകുന്ന സൂചനയാണ്. അഞ്ചോ എട്ടോ സീറ്റുകളുടെ വ്യത്യാസം വന്നാൽ പോലും കേരളത്തിൽ ഇടതുപക്ഷം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടുകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളിലാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി വിധി എഴുതിക്കഴിഞ്ഞു എന്നും മെയ് നാലാം തീയതി വോട്ടെണ്ണുമ്പോൾ യാഥാർത്ഥ്യം എല്ലാവർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *