അജിത് അഗാർക്കർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോൾ വികാരനിർഭരമായ യാത്രയയപ്പുമായി ഇന്ത്യൻ ടീം ഹെഡ് കോച്ച് ഗൗതം ഗംഭീർ. അഗാർക്കറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് ഗംഭീർ പറഞ്ഞു.
ടീമിന്റെ താൽപര്യങ്ങൾക്ക് എപ്പോഴും മുൻഗണന നൽകിയ അഗാർക്കറുടെ തീരുമാനങ്ങളെയാണ് ഗംഭീർ പ്രശംസിച്ചത്. അദ്ദേഹത്തിന്റെ കാലയളവിൽ ഇന്ത്യ മൂന്ന് ഐസിസി കിരീടങ്ങൾ സ്വന്തമാക്കിയതും ഗംഭീർ പ്രത്യേകം ചൂണ്ടിക്കാട്ടി.
2023 ജൂലൈയിലാണ് അഗാർക്കർ സെലക്ഷൻ കമ്മിറ്റി ചെയർമാനായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ 2024 ടി20 ലോകകപ്പ്, 2025 ചാമ്പ്യൻസ് ട്രോഫി, 2026 ടി20 ലോകകപ്പ് എന്നിവ നേടി.
എന്നാൽ അവസാന കാലയളവിൽ ചില തീരുമാനങ്ങളുടെ പേരിൽ അഗാർക്കർ വിമർശനങ്ങളും നേരിട്ടിരുന്നു. സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പ്രഗ്യാൻ ഓജ താൽക്കാലിക സെലക്ഷൻ കമ്മിറ്റി ചെയർമാനായി ചുമതലയേറ്റു. അഗാർക്കറിന്റെ സംഭാവനകൾക്ക് ഭാവി ചരിത്രം കൂടുതൽ നീതി നൽകുമെന്നായിരുന്നു ഗംഭീറിന്റെ ശ്രദ്ധേയമായ വാക്കുകൾ.


