മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി ഡിഎംകെ. ഗ്യാനേഷ് കുമാറിനെ പോലുള്ള ഉന്നത പദവിയിലുള്ള ഒരാൾ ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നുവെങ്കിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്നും പ്രതിഷേധിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ പറഞ്ഞു.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ഡൽഹിയിൽ പ്രതിഷേധിക്കുകയും പൊലീസ് കസ്റ്റഡിയിലെടുക്കപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, രാഹുലിന്റെ പ്രതിഷേധത്തെ പിന്തുണച്ച ഡിഎംകെ നിലപാട് ശ്രദ്ധേയമാണ്. ഒരു ദിവസം മുമ്പ് ഡിഎംകെ വക്താവ് സരവണൻ അണ്ണാദുരൈ തമിഴ്നാട്ടിലെ എസ്.ഐ.ആർ നടപടിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ നിലപാടിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ രാഹുലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഡിഎംകെ രംഗത്തെത്തിയത്.



