ഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഇന്നലെ നടത്തിയ പ്രതിഷേധത്തിൽ സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ധ്രുവ് റാഠി പങ്കെടുത്തതിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി. ധ്രുവ് റാഠിയുടെ പൗരത്വം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ഭാസ്കർ റാവു കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകി. ധ്രുവ് റാഠിക്ക് ജർമൻ പൗരത്വമുണ്ടെന്ന ആരോപണം ഉന്നയിച്ചാണ് പരാതി. അങ്ങനെയെങ്കിൽ ഇന്ത്യയിൽ നടന്ന എസ്ഐആർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് എങ്ങനെ സാധിച്ചുവെന്നും അതിനായി ആവശ്യമായ അനുമതി നേടിയിരുന്നോയെന്നും പരാതിയിൽ ചോദിക്കുന്നു.
എസ്ഐആർ നടപ്പാക്കുന്നതിനെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുമാണ് ബെംഗളൂരുവിൽ സിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. അഭിജിത്ത് ദീപ്കെ, പ്രകാശ് രാജ്, ധ്രുവ് റാഠി, ഐഷി ഘോഷ് തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു. വോട്ടുകൾ കൊള്ളയടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എസ്ഐആർ നടപ്പാക്കിയതെന്നായിരുന്നു ധ്രുവ് റാഠിയുടെ വിമർശനം. സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.
പ്രതിഷേധത്തിന്റെ ഭാഗമായി ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച ‘ജനകീയ കോടതി’യിലും അഭിജിത്ത് ദീപ്കെ, ഐഷി ഘോഷ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. ഇതിനൊപ്പം സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമുയർത്തി സിജെപി വനിതാ വിഭാഗം വ്യത്യസ്തമായ പ്രതിഷേധവും സംഘടിപ്പിച്ചു. ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ സ്ത്രീകൾക്കെതിരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചപ്പൽ സമരം നടത്തിയത്.



