തിരുവനന്തപുരം: കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്നിൽ ബി.ജെ.പിയാണെന്ന പി. സരിന്റെ പരാമർശം നാക്കുപിഴയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സരിൻ തന്നെ പരാമർശം തിരുത്തിയിട്ടുണ്ട്. സരിന് മേലെ ആരും കുതിര കയറേണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പി. സരിൻ തന്നെ ഈ അബദ്ധം മനസ്സിലാക്കി പ്രസ്താവന തിരുത്തുകയും ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെക്കുകയും ചെയ്ത സാഹചര്യത്തിൽ, ഈ വിഷയത്തിൽ അദ്ദേഹത്തിനെതിരെ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സിജെപി ആർ.എസ്.എസിന്റെ മറ്റൊരു പദ്ധതിയാണെന്നും ഇതൊരു ഗൂഢാലോചനയാണെന്നുമുള്ള സി.പി.എം നേതാവ് പി. സരിന്റെ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയ്ക്കും വിവാദത്തിനും വഴിവെച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യം ഡൽഹിയിൽ നടത്തിയ ‘ചലോ ദില്ലി’ മാർച്ചിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു സരിന്റെ ഈ വിവാദ പ്രതികരണം. പ്രസ്താവനം വിവാദം ആയതിന് പിന്നാലെ തന്റെ പരാമർശം നാക്കുപിഴയാണെന്നും അത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും ചൂണ്ടിക്കാട്ടി സരിൻ ഫേയ്സ്ബുക്കിൽ പോസ്റ്റ് ഇടുകയും ചെയിതിരുന്നു.



