ചെന്നൈ: ദീപാവലിക്ക് ഒരു പാക്കറ്റ് മധുരപലഹാരം വേണമെന്ന് സോഷ്യൽ മീഡിയയിൽ അഭ്യർഥിച്ചു. പിന്നാലെ വീട്ടിലേക്ക് ഒഴുകിയെത്തിയത് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും ഭക്ഷണ ഓർഡറുകളും. തുടർച്ചയായ ഓൺലൈൻ ഓർഡറുകൾ മൂലമുള്ള ശല്യം സഹിക്കാനാകാതെ സ്വന്തം വീട് വിട്ടുപോയെന്ന റിപ്പോർട്ടിലാണ് തമിഴ്നാട്ടിലെ മധുരയിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്റർ വീരമണി വാർത്തകളിൽ ഇടംപിടിച്ചത്.
പ്രാദേശിക ഭാഷാശൈലിയിലൂടെയും തമാശകളിലൂടെയും ശ്രദ്ധ നേടിയ വീരമണി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി തനിക്ക് ആരെങ്കിലും ഒരു പാക്കറ്റ് മധുരപലഹാരം അയച്ചുതരണമെന്ന് സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിച്ചിരുന്നു. ഇതിനൊപ്പം സ്വന്തം വിലാസവും ഫോൺ നമ്പറും പങ്കുവച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
വീരമണിയുടെ പോസ്റ്റ് വൈറലായതോടെ ചിലർ അദ്ദേഹത്തിന്റെ വിലാസവും ഫോൺ നമ്പറും ഉപയോഗിച്ച് വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾ നൽകുകയായിരുന്നു. പിന്നാലെ ഡെലിവറി ഏജന്റുമാർ വീട്ടിലെത്താൻ തുടങ്ങി. വാഷിങ് മെഷീൻ, ഫ്രിഡ്ജ്, സ്മാർട്ട്ഫോണുകൾ, ടെലിവിഷൻ തുടങ്ങിയ വിലകൂടിയ സാധനങ്ങളുമായി ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള ഡെലിവറി ഏജന്റുമാർ എത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഒരു ടെലിവിഷന്റെ വില 1.69 ലക്ഷം രൂപയോളം വരുമെന്നാണ് വിവരം.
താൻ ഓർഡർ ചെയ്യാത്ത സാധനങ്ങൾ സ്വീകരിക്കാനോ പണം നൽകാനോ കഴിയാത്ത സാഹചര്യത്തിൽ വീരമണി ഡെലിവറി കോളുകൾക്ക് മറുപടി നൽകാതെയായി. ഇതിനിടെ ജെസിബിയും സൈനിക ടാങ്കുകളും അദ്ദേഹത്തിന്റെ പേരിൽ ഓർഡർ ചെയ്തതായി അവകാശപ്പെടുന്ന പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.
ഇതിനുപുറമേ, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷണവിതരണ ആപ്പുകൾ വഴിയും ചിലർ ഭക്ഷണസാധനങ്ങൾ ഓർഡർ ചെയ്തതോടെ ശല്യം വർധിച്ചു. ഇത്തരം ഓർഡറുകൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ച് വീരമണി മറ്റൊരു വീഡിയോ പങ്കുവച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ലെന്നാണ് റിപ്പോർട്ട്.
തുടർച്ചയായ ശല്യം കാരണം വീരമണി വീട് വിട്ടുപോയതായാണ് വിവരം. മാധ്യമപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുകയായിരുന്നു. സാധനങ്ങൾ പാക്ക് ചെയ്ത് അദ്ദേഹം നാടുവിട്ടുപോയെന്നാണ് അയൽവാസികൾ പറയുന്നത്.
തന്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റിൽ യാത്രയിലാണെന്നും ഇനി തന്നെ കണ്ടെത്താൻ കഴിയില്ലെന്നും വീരമണി കുറിച്ചതായും റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തിന്റെ ഫോൺ കോളുകൾ ലഭ്യമല്ലെന്നും നിലവിൽ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും വിവരമുണ്ട്.
ഒരു ചെറിയ അഭ്യർഥനയെ ദുരുപയോഗം ചെയ്ത് ഓൺലൈൻ ഓർഡറുകൾ വഴി ഒരാളെ ബുദ്ധിമുട്ടിലാക്കിയ സംഭവമായി ഇത് ശ്രദ്ധ നേടുകയാണ്



