ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തുന്ന നീക്കങ്ങൾക്ക് പിന്തുണയുമായി തമിഴക വെട്രി കഴകം (ടിവികെ) രംഗത്തെത്തുന്നു. നാളെ ചെന്നൈയിൽ നടക്കുന്ന പൊതുയോഗത്തിന്റെ പോസ്റ്ററിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും ടിവികെ അധ്യക്ഷൻ വിജയ്യുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസംഗകരുടെ പട്ടികയിൽ ടിവികെ മന്ത്രി രാജ്മോഹനും ഇടംപിടിച്ചിട്ടുണ്ട്.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളിൽ ടിവികെ പുലർത്തിയ മൗനവും ഡൽഹിയിലെ സമരങ്ങളിൽ നിന്ന് അകലം പാലിച്ചതും നേരത്തെ ചർച്ചയായിരുന്നു. തമിഴ്നാട്ടിൽ ടിവികെ സഖ്യത്തിന്റെ ഭാഗമല്ലാത്ത ഇടതുപക്ഷ പാർട്ടികളുടെ നേതാക്കളുടെ ചിത്രങ്ങളും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ടിവികെയുടെ പുതിയ നീക്കം സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞ ദിവസം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ ചെന്നൈയിൽ 140 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബസന്ത് നഗറിലെ എലിയട്ട് ബീച്ചിൽ നിന്ന് 40 യുവാക്കളെയും സെക്രട്ടേറിയറ്റിന് സമീപത്തുനിന്ന് എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളിലെ 100 പ്രവർത്തകരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് യുവാക്കൾ ബീച്ചിൽ ഒത്തുചേർന്നത്.
പൊലീസ് നടപടിക്കെതിരെ ഡിഎംകെ കടുത്ത വിമർശനവുമായി രംഗത്തെത്തി. ടിവികെ ബിജെപിയുടെ ശാഖയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആരോപിച്ചു. വിജയ് ബിജെപിയുടെ അപ്രഖ്യാപിത അടിമയാണെന്നും ‘ഡമ്മി മുഖ്യമന്ത്രി’ ആരെയാണ് ഭയപ്പെടുന്നതെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ചോദിച്ചു.
ടിവികെയെ ലക്ഷ്യമിട്ട് ഡിഎംകെ നേതാക്കൾ വിമർശനം ശക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യ സഖ്യത്തിന്റെ പരിപാടിയിൽ ടിവികെ പങ്കാളിയാകുന്നത്. ഡൽഹിയിൽ പ്രതിഷേധം ശക്തമായിരിക്കെ വിജയ്യെ കാണാൻ രാഹുൽ ഗാന്ധി ചെന്നൈയിലെത്തിയതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കും ഈ നീക്കം മറുപടിയായേക്കും. ടിവികെയുടെ രാഷ്ട്രീയ നിലപാടിലും ഇന്ത്യ സഖ്യവുമായുള്ള ബന്ധത്തിലും പുതിയ നീക്കം എന്ത് മാറ്റമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.



