മലപ്പുറം: മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു. കാളികാവിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. പെവുന്തറ സ്വദേശി അബ്ദുൽ സത്താറാ(45)ണ് മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ഗുരുതരമായി ബാധിച്ചതിനെ തുടര്ന്ന് സത്താറിനെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതോടെ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി ചികിത്സ നല്കിയെങ്കിലും രക്ഷിക്കാനായില്ല.
വണ്ടൂർ, കാളികാവ് ആരോഗ്യ ബ്ലോക്ക് പരിധികളിലായി 66 പേർക്ക് രോഗം സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം പടരുന്ന പശ്ചാത്തലത്തിൽ ഹോട്ടലുകളിലും കൂൾബാറുകളിലും രാത്രികാലങ്ങളിൽ മാത്രം കച്ചവടം നടത്തുന്ന സ്ഥാപനങ്ങളിലും ആരോഗ്യവകുപ്പ് കർശന പരിശോധന തുടങ്ങി. കാളികാവിലും വണ്ടൂരിലുമായി രണ്ട് സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചു. കഴിഞ്ഞ മാസം വണ്ടൂരിൽ പുതുതായി പ്രവർത്തനം തുടങ്ങിയ ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് പ്രധാനമായും രോഗം ബാധിച്ചിട്ടുള്ളത്.
മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഇതിനോടകം ക്ലോറിനേഷൻ പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കുകയും ആരോഗ്യവകുപ്പുമായി ചേർന്ന് മഞ്ഞപ്പിത്തം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.



