ദുബായ്: യുഎഇയിൽ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അസ്ഥിരമായ കാലാവസ്ഥ വാരാന്ത്യം വരെ നീളുമെന്നും അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ഉച്ചയോടെ കാർമേഘങ്ങൾ രൂപപ്പെടാനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.
ഉപരിതലത്തിലും അന്തരീക്ഷത്തിന്റെ ഉയർന്ന തലത്തിലുമുള്ള ന്യൂനമർദ്ദ സ്വാധീനമാണ് ഈ കാലാവസ്ഥ മാറ്റത്തിന് കാരണം. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ്, ഉൾപ്രദേശങ്ങളിലും പർവ്വത പ്രദേശങ്ങളിലും 50 കിലോമീറ്റർ വേഗത്തിൽ വരെ ശക്തി പ്രാപിച്ചേക്കാം. ഇത് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയർത്താനും ദൃശ്യപരത കുറയാനും ഇടയാക്കും.ഉൾപ്രദേശങ്ങളിൽ താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം.
തീരപ്രദേശങ്ങളിലും ദീപുകളിലും 35 ഡിഗ്രി സെൽഷ്യസ് മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, മലനിരകളിൽ 28 ഡിഗ്രി സെൽഷ്യസ് മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും താപനില. വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യതയുണ്ട്. രാത്രിയിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുന്നതിനാൽ തീരദേശങ്ങളിലും ഉൾനാടുകളിലും മൂടൽമഞ്ഞിനും സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും.



